v-muraleedharan

തിരുവനന്തപുരം: സർക്കാർ ജീവനക്കാരെയും അദ്ധ്യാപകരെയും കറവപ്പശുക്കളായി കണ്ട് സാലറിചലഞ്ചിന്റെ പേരിൽ പിഴിയരുതെന്ന് കേന്ദ്ര വിദേശ കാര്യസഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. ഇവർ നിർബന്ധമായും സാലറി ചലഞ്ചിൽ പങ്കെടുക്കണമെന്ന ധ്വനിയാണ് മുഖ്യമന്ത്രിയുടെ വാക്കുകളിൽ സ്ഫുരിക്കുന്നത്. സാമ്പത്തിക പരാധീനതകളാൽ വീർപ്പുമുട്ടുന്നവരെ എന്തിന്റെ പേരിലായാലും ഈയവസരത്തിൽ ദ്രോഹിക്കുന്നത് ശരിയല്ല. വിഷയത്തിൽ സർവീസ് സംഘടനകളുടെ അഭിപ്രായങ്ങൾ കൂടി സർക്കാർ മുഖവിലയ്‌ക്കെടുക്കണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആർക്കുവേണമെങ്കിലും സംഭാവന നൽകാം.

അതൊരിക്കലും അടിച്ചേൽപ്പിക്കലോ സമ്മർദ്ദത്തിലൂടെയോ ആകരുത്. ഓരോരുത്തർക്കും കഴിവുള്ളതുപോലെ പണം സംഭാവന നൽകാനോ, നൽകാതെ മാറിനിൽക്കാനോ ഉള്ള സാഹചര്യം ഒരുക്കണമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. സ്ഥലംമാറ്റ ഭീഷണി പോലും മുഴക്കിയാണ് പലരെയും കഴിഞ്ഞ തവണ നിർബന്ധിച്ച് സാലറി ചലഞ്ചിൽ പങ്കെടുപ്പിച്ചത്. കഴിഞ്ഞ പ്രളയകാലത്ത് കെ.എസ്.ഇ.ബി സാലറി ചലഞ്ചിലൂടെ പിരിച്ച കോടിക്കണക്കിന് രൂപ വകമാറ്റി ചെലവഴിച്ചത് മാദ്ധ്യമങ്ങൾ വാർത്തയാക്കിയപ്പോഴാണ് തിരിച്ചടച്ചതെന്നും വി.മുരളീധരൻ കുറ്രപ്പെടുത്തി.