തിരുവനന്തപുരം: കേരള അതിർത്തിയിൽ റോഡുകൾ മണ്ണിട്ട് തടഞ്ഞ കർണ്ണാടക സർക്കാർ നടപടിയിൽ കേരളത്തിലെ ബി.ജെ.പി നേതൃത്വം പിന്തുടരുന്ന മൗനം ദുരൂഹമാണെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ആർ. സജിലാലും സെക്രട്ടറി മഹേഷ് കക്കത്തും ആരോപിച്ചു. കർണ്ണാടക നടപടി കേരളത്തിലെ ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടു കൂടിയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
കേരളത്തിലെ ജനങ്ങളെ വെല്ലുവിളിച്ചും രാജ്യത്തെ പൊതു സമീപനങ്ങൾക്ക് വിരുദ്ധമായും പ്രവർത്തിക്കുന്ന കർണ്ണാടക സർക്കാരിനെതിരെ കേന്ദ്ര സർക്കാരും പ്രധാനമന്ത്രിയും ശക്തമായ തുടർനടപടി സ്വീകരിക്കാതിരിക്കുന്നതും പ്രതിഷേധാർഹമാണ്.
കാസർകോടും മഞ്ചേശ്വരത്തും പല തവണ മത്സരിച്ച ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രി വി. മുരളീധരനും ഇതുവരെ ഈ വിഷയത്തിൽ പ്രതികരിക്കുവാനോ കണ്ണാടക സർക്കാരിനോട് കേരളജനതയുടെ ആവശ്യം ഉന്നയിക്കുവാനോ തയ്യാറാകാത്തതും സംശയാസ്പദമാണ്. മലയാളികളെ ആക്രമിക്കാനുള്ള വിദ്വേഷപ്രചരണമടക്കം നടത്തുന്നതിന് പിന്നിൽ കർണാടക ബി.ജെ.പിയിലെ ഉത്തരവാദപ്പെട്ട നേതാക്കളാണെന്നും വിഷയത്തിൽ കേന്ദ്രത്തിന്റെ കർശന ഇടപെടലുണ്ടാകണമെന്നും എ.ഐ.വൈ.എഫ് നേതാക്കൾ ആവശ്യപ്പെട്ടു.