തിരുവനന്തപുരം: നമ്മുടെ തലമുറ കണ്ട ഏറ്റവും വലിയ ദുരന്തകാലത്ത് ദിവസവേതനം നഷ്ടപ്പെട്ട് വീട്ടിലിരിക്കുന്ന പാവങ്ങൾക്ക് 5000 രൂപ വീതം സാമ്പത്തികസഹായം അനുവദിക്കണമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് ഡോ. ശൂരനാട് രാജശേഖരൻ ആവശ്യപ്പെട്ടു. പ്രസംഗവും ആഹ്വാനവുമല്ല, പട്ടിണി മാറ്റാനുള്ള ചെറിയ കൈത്താങ്ങ് കൂടിയാണ് സർവ്വവും നിശ്ചലമായ ഈ സമയത്ത് സർക്കാർ നൽകേണ്ടത്. ഈ ലോക്ഡൗൺ കാലത്ത് ദിവസവേതനക്കാരായ കേരളത്തിലെ എല്ലാ മേഖലകളിലേയും തൊഴിലാളികൾക്ക് സർക്കാർ പ്രഖ്യാപിച്ച പാക്കേജുകൾ മരുന്നുവാങ്ങാൻ പോലും പര്യാപ്തമല്ല.
ദിവസേന 250 മുതൽ 800 രൂപ വരെ ജോലിചെയ്തുണ്ടാക്കി കുടുംബചെലവ് നിറവേറ്റി വന്നവരാണിവർ. കശുവണ്ടി, മത്സ്യം, കയർ, കെട്ടിടനിർമ്മാണം, തട്ടുകട, തയ്യൽ, മരപ്പണി, ലോട്ടറി, ഓട്ടോ, ടാക്സി ഡ്രൈവർമാർ, സ്വകാര്യ ബസ് ജീവനക്കാർ തുടങ്ങി നിരവധി പേരാണ് വിഷമം നേരിടുന്നതെന്നും ശൂരനാട് രാജശേഖരൻ ഫേസ്ബുക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.