തിരുവനന്തപുരം :ആദ്യമായി സന്തോഷ്ട്രോഫി നേടിയ കേരള ഫുട്ബാൾ ടീമിന്റെ സ്റ്റോപ്പർ ബാക്കായിരുന്നു കെ.വി ഉസ്മാൻ (74) കോഴിക്കോട്ട് നിര്യാതനായി.ഹൃദയാഘാതത്തെത്തുടർന്ന് സ്വവസതിയിലായിരുന്നു അന്ത്യം.
ഗോവയിലെ ഡെംപോ സ്പോർട്സ് ക്ളബിനായി ദീർഘകാലം കളിച്ച അദ്ദേഹം ഡെംപോ ഉസ്മാൻ എന്ന പേരിലാണ് സുഹൃദ്സദസുകളിൽ അറിയപ്പെട്ടിരുന്നത്.1960 കളുടെ തുടക്കത്തിൽ കലിക്കറ്റ് എ.വി.എം സ്പോർട്സ് ക്ളബിലൂടെയാണ് ഉസ്മാൻ ഫുട്ബാൾ ലോകത്തിന്റെ ശ്രദ്ധപിടിച്ചുപറ്റുന്നത്.കാലിക്കറ്റ് യംഗ് ചലഞ്ചേഴ്സ്,പ്രിമിയർ ടയേഴ്സ്, ടൈറ്റാനിയം ടീമുകൾക്കായും ബൂട്ടുകെട്ടിയിട്ടുണ്ട്.അക്കാലത്തെ മലബാറിലെ ഏറ്റവും പ്രശസ്തനായ സെവൻസ് താരം കൂടിയായിരുന്നു.
1968ലെ ബാംഗ്ളൂർ സന്തോഷ് ട്രോഫിയിലാണ് ആദ്യമായി കേരളത്തിന് വേണ്ടി കളിച്ചത്.73 കേരളം കിരീടം നേടുമ്പോൾ പ്രതിരോധത്തിന്റെ ചുമതലക്കാരൻ ഉസ്മാനായിരുന്നു.
ജന്റിൽമാൻ : കളത്തിലും പുറത്തും
കളിക്കളത്തിലും പുറത്തും തികച്ചും ജന്റിൽമാനായിരുന്നു ഇന്നലെ അന്തരിച്ച കെ.വി ഉസ്മാനെന്ന് അദ്ദേഹത്തിനൊപ്പം ഒരേ കാലയളവിൽ കളിച്ചിരുന്ന പ്രമുഖ പരിശീലകൻ ടി.കെ ചാത്തുണ്ണി ഒാർമ്മിക്കുന്നു.എതിരാളിയെ ഒരു തവണപോലും അനാവശ്യമായി ഫൗൾ ചെയ്തിട്ടില്ല. സ്റ്റോപ്പർ ബാക്ക് പരുക്കനാവണമെന്ന ധാരണകൾ പൊളിച്ചെഴുതിയ ഉസ്മാൻ നല്ല തമാശക്കാരനുമായിരുന്നു. ഒരു സിനിമാതാരത്തെപ്പോലെ സുന്ദരനുമായിരുന്നു. കേരളത്തിന്റെ ആദ്യ സന്തോഷ് ട്രോഫി വിജയത്തിൽ അ്ദ്ദേഹത്തിന്റെ പങ്ക് അതുല്യമായിരുന്നുഅന്ന് ചാത്തുണ്ണി ഗോവയ്ക്ക് വേണ്ടിയാണ് സന്തോഷ് ട്രോഫി കളിച്ചത്. ഉസ്മാൻ ഡെംപോയിൽ കളിക്കുമ്പോൾ ചാത്തുണ്ണി വാസ്കോ താരമായിരുന്നു. ഇപ്പോഴുംഫോണിൽ വിളിക്കാറുണ്ടായിരുന്നു. ഉസ്മാന്റെ മരണം ഫുട്ബാൾ ലോകത്തിന് വലിയ നഷ്‌ടം തന്നെയാണെന്നും ചാത്തുണ്ണി പറഞ്ഞു.