liqueur-

തിരുവനന്തപുരം: ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോക്കോളിനും ഇന്ത്യൻ മെഡിക്കൽ കൗൺസിൽ നിശ്ചയിച്ചിട്ടുള്ള ഡോക്ടർമാരുടെ പെരുമാറ്റച്ചട്ടത്തിനും മെഡിക്കൽ എത്തിക്സിനും ആൾ ഇന്ത്യാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ നാഷണൽ ഡ്രഗ് ഡിപ്പൻഡൻസ് ട്രീറ്റ്‌മെന്റ് സെന്ററിന്റെ കഴിഞ്ഞ ദിവസത്തെ 'ലോക്ഡൗൺ ആൻഡ് ആൽക്കഹോൾ വിത്‌ഡ്രോവൽ' നിർദ്ദേശങ്ങൾക്കും വിരുദ്ധമായി മരുന്നിന് പകരം മദ്യം നൽകാൻ കളമൊരുക്കുന്ന സംസ്ഥാന സർക്കാരിന്റെ ഉത്തരവ് ഉടൻ റദ്ദാക്കണമെന്ന് മുഖ്യമന്ത്രിക്കയച്ച കത്തിൽ വി.എം. സുധീരൻ ആവശ്യപ്പെട്ടു.

മദ്യവില്പനയോ മദ്യപാനമോ മൗലികാവകാശമല്ലെന്നും മദ്യം അപകടകരമാണെന്നുള്ള സുപ്രീംകോടതി വിധിയുടെ അന്തസ്സത്തയ്ക്ക് നിരക്കാത്തതാണിത്. മദ്യ ഉപയോഗത്തിൽ നിന്നുള്ള പിൻമാറ്റ അസ്വാസ്ഥ്യം പരിഹരിക്കുന്നതിന് കൃത്യമായ ചികിത്സാസംവിധാനങ്ങളും ക്രമങ്ങളും രീതികളും സംസ്ഥാന ആരോഗ്യവകുപ്പ് തന്നെ ആവിഷ്കരിച്ചിട്ടുണ്ട്. അതനുസരിച്ച് രോഗീപരിചരണവും ചികിത്സയും ഉറപ്പുവരുത്തുന്നതിന് പകരം മദ്യ ഉപയോഗത്തിൽനിന്നും പിന്മാറാൻ ആഗ്രഹിക്കുന്നവരെപ്പോലും മദ്യം കുടിപ്പിച്ചേ അടങ്ങൂ എന്നുള്ള സർക്കാരിന്റെ പിടിവാശി സമൂഹത്തോടുള്ള കടുത്ത ദ്രോഹമാണ്. കൊറോണ വിപത്തിനേക്കാൾ ആപൽക്കരമാണ് മദ്യം ലഭിക്കാത്തത് മൂലമുണ്ടാകുന്ന പ്രശ്നങ്ങളെന്ന സർക്കാരിന്റെ സമീപനം ഉത്തരവാദിത്വതബോധമുള്ള ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടാകരുതാത്തതാണ്. കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും അങ്ങേയറ്റം ആത്മാർത്ഥമായി മുന്നോട്ടുപോകുമ്പോൾ അവരുടെ പ്രവർത്തനങ്ങൾക്ക് വിഘാതമുണ്ടാക്കാനിടവരുത്തുന്നതാണിത്. ഡോക്ടർസമൂഹത്തിന്റെ മനോവീര്യം കെടുത്തുന്നതുമാണെന്നും സുധീരൻ കത്തിൽ ചൂണ്ടിക്കാട്ടി.