payippadu-

തിരുവനന്തപുരം: പായിപ്പാട് ലോക്ക് ഡൗൺ വിലക്ക് ലംഘിച്ച് അന്യസംസ്ഥാന തൊഴിലാളികൾ പ്രതിഷേധിച്ച് തെരുവിലിറങ്ങിയ സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന് പറയുന്ന മുഖ്യമന്ത്രി അത് തുറന്നുകാട്ടാനുള്ള ആർജ്ജവം കാണിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.

രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും നേതാക്കളെയുമെല്ലാം സംശയനിഴലിൽ നിറുത്തി വിലകുറഞ്ഞ രാഷ്ട്രീയം കളിക്കാനാണ് ഈ പ്രതിസന്ധിഘട്ടത്തിലും മുഖ്യമന്ത്രി ശ്രമിക്കുന്നത്. വസ്തുതകൾ എന്തിന് മറച്ചുവയ്ക്കണം? ഈ വിഷയത്തിൽ ആരെയാണ് മുഖ്യമന്ത്രി ഭയപ്പെടുന്നത്?

സംസ്ഥാനത്തുടനീളം അന്യദേശ തൊഴിലാളികളുടെ മുഖ്യവിഷയം കൊടും വിശപ്പ് തന്നെയാണ്. ഇക്കാര്യം മുഖ്യമന്ത്രി ബോധപൂർവ്വം മറച്ചുവയ്ക്കുകയാണ്. കഴിഞ്ഞ ദിവസം വിശന്ന് റോഡിലിറങ്ങിയ അന്യസംസ്ഥാനത്തൊഴിലാളികൾ കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗമായ ചാലപ്പുറത്ത് ഭക്ഷണത്തിനായി ശണ്ഠ കൂടിയപ്പോൾ താൻ നേരിട്ട് ഇടപെട്ടതാണ്. പ്രശ്നങ്ങളെ രാഷ്ട്രീയവത്കരിക്കുന്നതിന് പകരം ദേശാന്തര തൊഴിലാളികളുടെ വിശപ്പ് എന്ന യഥാർത്ഥം മുഖ്യമന്ത്രി തിരിച്ചറിയണം. പായിപ്പാട് സംഭവത്തിൽ ഗൂഢാലോചന തെളിവുകളുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി തുറന്നുകാട്ടാൻ തയ്യാറായില്ലെങ്കിൽ അതിനെ രാഷ്ട്രീയ നാടകമായേ കാണാനാകൂ എന്നും മുല്ലപ്പള്ളി പറഞ്ഞു.