ബീജിംഗ്: ചൈനയിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്ന മാസ്ക് അടക്കുള്ള മെഡിക്കൽ ഉപകരണങ്ങൾക്ക് ഗുണമേന്മയില്ലെന്നും അവ ആവശ്യമില്ലെന്നും ലോകരാജ്യങ്ങൾ. ചൈനയിൽ നിർമ്മിച്ച പതിനായിരക്കണക്കിന് കൊറോണ പരിശോധനാ കിറ്റുകൾ, മാസ്കുകൾ എന്നിവയുടെ നിലവാരം വളരെ മോശമാണെന്ന് സ്പെയിൻ, തുർക്കി, നെതർലാൻഡ്സ് എന്നീ രാജ്യങ്ങൾ വെളിപ്പെടുത്തിയിരുന്നു.
ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്ത 60,0000 മാസ്കുകൾ ഡച്ച് ആരോഗ്യമന്ത്രാലയം വിപണിയിൽ നിന്ന് പിൻവലിച്ചിരുന്നു. മാസ്കിന് ഗുണനിലവാരം തീരെ കുറവായത് കൊണ്ടാണ് അവ ഉപയോഗിക്കേണ്ടെന്ന് തീരുമാനിച്ചതെന്ന് അധികൃതർ പറഞ്ഞു. ചൈനീസ് കൊറോണ പരിശോധന കിറ്റുകളുടെ കാര്യത്തിൽ സ്പെയിനും സമാനമായ ആരോപണമുന്നയിച്ചിരുന്നു. ശരിയായ പരിശോധനാ ഫലമല്ല ഇവ നിർണയിക്കുന്നതെന്നും നിർമ്മാണ കമ്പനിയായ ഷെൻസൻ ബയോഈസി ബയോടെക്നോളജി എന്ന കമ്പനിയ്ക്ക് ചൈനീസ് സർക്കാരിന്റെ അംഗീകാരമില്ലെന്നും സ്പെയിൻ പറഞ്ഞു. ഏകദേശം 60,000ത്തോളം പരിശോധന കിറ്റുകളാണ് ഇത്തരത്തിൽ ഉപയോഗ്യ ശൂന്യമായി സ്പെയിനിൽ കെട്ടികിടക്കുന്നത്.