drug

കൊല്ലം: കൊറോണക്കാലത്ത് മദ്യം ലഭിക്കാതുള്ള ആത്മഹത്യകൾ തുടരുമ്പോൾ മദ്യാസക്തിയിൽ നിന്ന് മോചനത്തിനും അവസരം. എക്സൈസും ആരോഗ്യവകുപ്പും സംയുക്തമായി നടപ്പാക്കുന്ന പദ്ധതി പലരും പ്രയോജനപ്പെടുത്തിത്തുടങ്ങി. എക്സൈസ് വകുപ്പിന്റെ 'വിമുക്തി' പദ്ധതിയുടെ ഭാഗമായുള്ള കിടത്തി ചികിത്സയ്ക്ക് ഇതിനകം ഏഴു പേർ വിധേയരായി. നെയ്യാറ്റിൻകര താലൂക്ക് ശുപത്രിയിൽ രണ്ടുപേരും ചെങ്ങന്നൂരിൽ ഒരാളും പാലാ ഗവ. ആശുപത്രിയിൽ നാലു പേരുമാണ് അഡ്മിറ്റായത്. 'വിമുക്തി'യുടെ ഭാഗമായുള്ള കൗൺസലിംഗ് സെന്ററിലേക്ക് ടെലിഫോണിൽ അന്വേഷണങ്ങൾ കൂടിവരുന്നു. മദ്യം കിട്ടാത്തതിനാൽ ശാരീരികവും മാനസികവുമായ പ്രശ്നങ്ങളുണ്ടാക്കുന്നവർ നിരവധിയാണ്. വിത്ത്ഡ്രോയൽ സിൻ‌ഡ്രം (വിറയൽ, കുഴഞ്ഞുവീഴുക, പരിഭ്രാന്തരാകുക, മൂകരായി ഇരിക്കുക, ഒറ്റപ്പെട്ട് കഴിയുക) കാണിച്ച് ചിലർ അക്രമാസക്തരാകും. ആത്മഹത്യാ പ്രവണതയാണ് അപകടകരം. ഓക്കാനം, വിശപ്പില്ലായ്മ, ഉറക്കമില്ലായ്മ, അകാരണമായ സ്വഭാവമാറ്റം തുടങ്ങിയവ ഉണ്ടാകുമ്പോൾത്തന്നെ ഡോക്‌ടറെ കാണണം. ഇത്തരം ഗുരുതര പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടാൻ ആഗ്രഹിക്കുന്നവർക്ക് എക്സൈസും ആരോഗ്യവകുപ്പും ചേർന്നാണ് വിപുലമായ സംവിധാനം ഒരുക്കുന്നത്. മദ്യാസക്തി ഉള്ളവരുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ആണ് ചികിത്സ നൽകാൻ മുൻകൈയെടുക്കേണ്ടത്. ലഹരിമുക്തി കേന്ദ്രങ്ങൾ എല്ലാ ജില്ലയിലും തിരഞ്ഞെടുത്ത സർക്കാർ ആശുപത്രികളോടനുബന്ധിച്ച് 10 കിടക്കകൾ വീതം നീക്കി വച്ചിട്ടുണ്ട്. ഡോക്ടർമാർ, നഴ്സുമാർ, കൗൺസലർമാർ, സൈക്കോളജിസ്റ്റുകൾ തുടങ്ങിയവരുടെ സേവനവും മരുന്നുകളും ഇവിടെ ലഭിക്കും. വിവരമറിയിച്ചാൽ രോഗിയെ കൊണ്ടുപോകാൻ വാഹനവും അയച്ചുകൊടുക്കും. സംസ്ഥാനതല ലഹരി മുക്തകേന്ദ്രം വൈകാതെ നിലവിൽവരും. പൂർണമുക്തി നേടാം 22 ദിവസം ചികിത്സയ്ക്ക് വിധേയനായാൽ മദ്യാസക്തിയിൽ നിന്ന് പൂർണമായും മുക്തി നേടാം. മരുന്നുകൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം കൃത്യമായി കഴിക്കണം. മരുന്ന് ബന്ധുക്കളെയാണ് ഏൽപ്പിക്കുന്നത്. രോഗമുക്തി നേടിയാലും വീണ്ടും മദ്യം ഉപയോഗിക്കാതിരിക്കാൻ ആവശ്യമായ കൗൺസലിംഗ് തുടർന്നും നൽകും. തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോട്ടുമാണ് കൗൺസലിംഗ് സെന്ററുകൾ. ബന്ധപ്പെടേണ്ടത് എവിടെയെല്ലാം?​ എല്ലാ ജില്ലയിലും എക്സൈസിന്റെ ലഹരിമുക്ത കേന്ദ്രങ്ങളെ സമീപിക്കാം. കൂടാതെ താമസിക്കുന്ന സ്ഥലത്തെ ഏറ്റവും അടുത്തുള്ള എക്സൈസ് റേഞ്ച് ഓഫീസിലോ സർക്കിൾ ഓഫീസുകളിലോ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലോ ബന്ധപ്പെട്ട് സഹായം അഭ്യർത്ഥിക്കാം. എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർമാർ: 9447178053- 66,​ കൗൺസലിംഗ് സെന്റർ- 14405 (ടോൾ ഫ്രീ) കമന്റ് ................ ലഹരിമുക്തി നേടാൻ ഈ ലോക്ക് ഡൗൺ കാലം പ്രയോജനപ്പെടുത്താം. മദ്യാസക്തി ഉള്ളവർ സ്വയം മുന്നോട്ടു വരാൻ ഈ അവസരം ഉപയോഗിക്കണം. കെ.മുഹമ്മദ് റഷീദ്, ജോയിന്റ് എക്സൈസ് കമ്മിഷണർ, വിമുക്തി സംസ്ഥാന കോ ഓർഡിനേറ്റർ