lock-down

ന്യൂഡൽഹി: നിലവിലെ ലോക്ക്ഡൗൺ കാലയളവായ 21 ദിവസം എന്ന പരിധി ദീർഘിപ്പിക്കുന്നത് ഇന്ത്യ ഗൗരവകരമായി ആലോചിക്കണമെന്ന് പഠനം. കേംബ്രിഡ്‌ജ് സർവകലാശാലയിലെ രണ്ട് ശാസ്ത്രജ്ഞരാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. ദീർഘവീക്ഷണമുള്ള പദ്ധതികൾ കൊറോണയെ പ്രതിരോധിക്കാൻ രാജ്യം വിഭാവനം ചെയ്യണമെന്ന് ഇവർ തങ്ങളുടെ പഠന റിപ്പോർട്ടിൽ പറയുന്നു. പ്രായമേറിയവരുടെ ആധിക്യം ഇന്ത്യയിൽ ഉള്ളതുകൊണ്ടുതന്നെ വളരെയധികം ശ്രദ്ധവേണമെന്നും ഇവർ സൂചിപ്പിക്കുന്നു.

21 ദിവസത്തെ ലോക്ക്ഡൗണിലൂടെ രോഗബാധിതരുടെ എണ്ണം ഗണ്യമായി കുറയുമെന്ന് പഠനത്തിൽ ചൂണ്ടികാട്ടുന്നു. എന്നാൽ ലോക്ക്ഡൗൺ റദ്ദാക്കുന്നത് നിലവിലെ സാഹചര്യത്തിൽ രോഗികളെ വർദ്ധിപ്പിക്കുമെന്നും ശാസ്‌ത്രജ്ഞർചൂണ്ടിക്കാട്ടുന്നു. ചൈന, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയെ വിഭിന്നമാക്കുന്നത് രണ്ട് കാര്യങ്ങളാണ്. മുത്തച്ഛൻ- അച്ഛൻ-മകൻ എന്നിങ്ങനെയുള്ള മൂന്ന് തലമുറകൾ ഇന്ത്യയിലെ ഭൂരിഭാഗം വരുന്ന ഓരോ ഭവനത്തിലും വസിക്കുന്നുണ്ട്. ഇത് അതീവ ജാഗ്രതയോടെ കാണേണ്ടതുമാണ്. 60 വയസിന് മുകളിലുള്ളവരും 30 വയസിന് താഴെയുള്ളവരും തമ്മിൽ സമ്പർക്ക സാധ്യത ഏറെയുണ്ടെന്നതാണ് രണ്ടാമത്തെ ഘടകം. കൊറോണയുടെ പശ്ചാത്തലത്തിൽ 60 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ശ്രദ്ധ നൽകണമെന്ന വിദഗ്‌ദ്ധരുടെ നിർദേശം ഇതിനോടൊപ്പം കൂട്ടി വായിക്കപ്പെടേണ്ടതുണ്ട്.

സാമൂഹിക അകലം പാലിക്കലും ഐസൊലേഷനും ജോലിസ്ഥങ്ങളിലോ പൊതുയിടങ്ങളിലോ മാത്രം പാലിക്കപ്പെടേണ്ടതല്ലെന്നും വീടുകളിലും ഇത് കർശനമായി നടപ്പാക്കേണ്ടതാണെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.