milma

മാള: പാൽ സംഭരണത്തിൽ മിൽമ എറണാകുളം മേഖല നിയന്ത്രണം ഏർപ്പെടുത്തുന്നു. നിയന്ത്രണങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്ന ഫലം കിട്ടാതെ സ്ഥിതി ഗുരുതരമായാൽ സംഭരണം നിറുത്തിവയ്ക്കേണ്ടി വരുമെന്ന അറിയിപ്പ് ക്ഷീരോത്പാദക സഹകരണ സംഘങ്ങൾക്ക് നൽകി. മൂന്ന് മുതലാണ് നിയന്ത്രണം. ലോക്ക് ഡൗൺ നിലവിൽവന്നതിനു മുമ്പ് വരെ സംഘങ്ങൾ സംഭരിച്ചിരുന്ന അളവിൽ മാത്രമേ പാൽ സ്വീകരിക്കുകയുള്ളൂ. കൂടുതൽ നൽകിയാൽ വില കിട്ടില്ലെന്ന മുന്നറിയിപ്പും സംഘങ്ങൾക്ക് നൽകിയിട്ടുണ്ട്. ആദ്യ ഘട്ടമെന്ന നിലയിലാണ് നിയന്ത്രണം കൊണ്ടുവരുന്നത്. പാൽ വില്പന കേന്ദ്രങ്ങൾ കൂടുതൽ സമയം തുറക്കാനുള്ള അനുമതി ലഭിച്ചില്ലെങ്കിൽ സ്ഥിതി കൈവിട്ടുപോയേക്കുമെന്നാണ് സൂചന. മലബാർ മേഖല കടുത്ത നിയന്ത്രണം നേരത്തെ ഏർപ്പെടുത്തിയിരുന്നു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ പാൽ വിൽപ്പന കുത്തനെ കുറഞ്ഞതിനാൽ, എറണാകുളം, മലബാർ മേഖലകളിൽ ദിനംപ്രതി ഒന്നരലക്ഷം ലിറ്ററോളം പാൽ കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്. കഴിഞ്ഞ 22 മുതലാണ് പാൽ വില്പന കുത്തനെ കുറഞ്ഞത്. മലബാർ മേഖലയിലാണ് സ്ഥിതി കൂടുതൽ രൂക്ഷം. എറണാകുളം മേഖലയിൽ 930 ക്ഷീരോത്പാദക സഹകരണ സംഘങ്ങളിൽ നിന്നായി സംഭരിക്കുന്ന പാലിൽ 60,000 ലിറ്ററാണ് അധികമുള്ളത്. പാൽ തികയാത്തതിനാൽ ദിനംപ്രതി 40,000 ലിറ്റർ പാൽ അയൽ സംസ്ഥാനത്ത് നിന്ന് കൊണ്ടുവന്നിരുന്ന സ്ഥാനത്താണിത്. അതേസമയം മലബാറിൽ നിന്നും പാൽ എത്തിച്ചാണ് ഇപ്പോഴും തിരുവനന്തപുരം മേഖലയിലെ 60,000 ലിറ്ററിന്റെ കുറവ് നികത്തുന്നത്. സംസ്ഥാനത്ത് പാൽപ്പൊടി നിർമ്മാണത്തിന് സൗകര്യമില്ലാത്തതും പ്രതിസന്ധിയായി. ആലപ്പുഴയിലെ പൂട്ടിക്കിടക്കുന്ന പാൽപ്പൊടി നിർമ്മാണ ഫാക്ടറി തുറക്കുന്നതിന് ഏകദേശം 20 കോടി മുടക്കേണ്ടിവരും.

പ്രവർത്തന സമയം നീട്ടണം

മിൽമ ഷോപ്പുകളുടെ പ്രവർത്തന സമയം രാത്രി ഒമ്പത് വരെ ദീർഘിപ്പിക്കണമെന്ന് മന്ത്രിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. നഷ്ടം സഹിച്ച് ഇതര സംസ്ഥാനത്ത് കൊണ്ടുകുന്നതിനുള്ള സാദ്ധ്യതകൾ ഇല്ലാതായതോടെയാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.

(- ജോൺ തെരുവത്ത്, മിൽമ എറണാകുളം മേഖലാ ചെയർമാൻ.)

ആശങ്കയും ആശയക്കുഴപ്പവും

പാൽ സംഭരിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതോടെ സംഘങ്ങളും കർഷകരും വലിയ പ്രതിസന്ധിയിലാകും. പാൽ അളവ് എത്ര വീതം കുറയ്ക്കണമെന്ന കാര്യത്തിൽ ആശയക്കുഴപ്പവുമുണ്ട്.

(- എൻ. രഞ്ജിത്ത്, കെ.കെ. ബിനേഷ് - ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റുമാർ)