core-sector

ന്യൂഡൽഹി: കൊറോണ സൃഷ്‌ടിച്ച തിരിച്ചടി ഇല്ലായിരുന്നെങ്കിൽ, ഇന്ത്യയുടെ വ്യവസായ രംഗം മികച്ച നേട്ടത്തിലേക്ക് മുന്നേറുമായിരുന്നു എന്ന വ്യക്തമാക്കുന്ന കണക്കുകൾ പുറത്ത്. ഫെബ്രുവരിയിൽ ഇന്ത്യയുടെ മുഖ്യ വ്യവസായ മേഖല 5.5 ശതമാനം വളർച്ചയാണ് നേടിയത്. കഴിഞ്ഞ 11 മാസത്തെ ഏറ്റവും മികച്ച വളർച്ചയാണിത്. ജനുവരിയിൽ വളർ‌ച്ച 1.5 ശതമാനം മാത്രമായിരുന്നു. അതേസമയം, കൊറോണയുടെ ആഘാതവും ലോക്ക്ഡൗണും മൂലം മാർച്ചിൽ വളർച്ച കുത്തനെ ഇടിയുമെന്ന് ഉറപ്പാണ്.

കൽക്കരി, ക്രൂഡോയിൽ, പ്രകൃതിവാതകം, വൈദ്യുതി, സിമന്റ്, വളം, റിഫൈനറി ഉത്‌പന്നങ്ങൾ, സ്‌റ്രീൽ എന്നീ എട്ട് വിഭാഗങ്ങളാണ് മുഖ്യ വ്യവസായ മേഖലയിലുള്ളത്. ഇന്ത്യയുടെ മൊത്തം വ്യാവസായിക ഉത്‌പാദന സൂചികയിൽ (ഐ.ഐ.പി) 40.27 ശതമാനം പങ്കുവഹിക്കുന്നത് ഈ മേഖലയാണ്. ഫെബ്രുവരിയിൽ ഐ.ഐ.പി വളർച്ചയും മെച്ചപ്പെടുമെന്നാണ് മുഖ്യ വ്യവസായ രംഗത്തുണ്ടായ നേട്ടം സൂചിപ്പിക്കുന്നത്.

വൈദ്യുതി ഉത്പാദനം 11 ശതമാനവും കൽക്കരി ഉത്‌പാദനം 10.3 ശതമാനവും ഉയർന്നത് ഫെബ്രുവരിയിലെ നേട്ടത്തിന് കരുത്തായി. അതേസമയം, 2019-20 സാമ്പത്തിക വർഷത്തെ ഏപ്രിൽ-ഫെബ്രുവരി കാലയളവിൽ മുഖ്യവ്യവസായ വളർച്ച ഒരു ശതമാനം മാത്രമാണ്. മുൻവർഷത്തെ സമാന കാലയളവിൽ 4.2 ശതമാനമായിരുന്നു വളർച്ച.

ധനക്കമ്മി 135% കവിഞ്ഞു

കേന്ദ്ര സർക്കാരിന്റെ ധനക്കമ്മി 2019-20 വ‌ഷത്തെ ഏപ്രിൽ-ഫെബ്രുവരിയിൽ ബഡ്‌ജറ്ര് വിലയിരുത്തലിന്റെ 135.2 ശതമാനത്തിലെത്തി. 10.36 ലക്ഷം കോടി രൂപയാണ് ഇക്കാലയളവിലെ ധനക്കമ്മി. ജി.ഡി.പിയുടെ 3.8 ശതമാനമായ 7.1 ലക്ഷം കോടി രൂപയാണ് ബഡ്‌ജറ്രിൽ കേന്ദ്രം വിലയിരുത്തുന്നത്. മാർച്ചിലെ നികുതി വരുമാനം കൂടി ലഭിക്കുമ്പോൾ ധനക്കമ്മി കുറയുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ.

ഓഹരികളിൽ മുന്നേറ്റം

ഫാർമ, എഫ്.എം.സി.ജി ഓഹരികളിലുണ്ടായ മികച്ച വാങ്ങൽ ട്രെൻഡിന്റെ പിൻബലത്തിൽ ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നലെ വൻ മുന്നേറ്റം നടത്തി. സെൻസെക്‌സ് 1,028 പോയിന്റുയർന്ന് 29,468ലും നിഫ്‌റ്രി 316 പോയിന്റ് നേട്ടവുമായി 8,597ലുമാണുള്ളത്. അതേസമയം, ഇന്നലെ അവസാനിച്ച 2019-20 സമ്പദ്‌വർഷത്തിൽ സെൻസെക്‌സ് കുറിച്ച നഷ്‌ടം 9,204 പോയിന്റാണ്. മൂല്യത്തിൽ നിന്ന് 23.80 ലക്ഷം കോടി രൂപയും കൊഴിഞ്ഞു.