തിരുവനന്തപുരം: കൊറോണ ബാധയെ തുടർന്ന് പ്രവാസി മരിച്ച സംഭവത്തിന് പിന്നാലെ പോത്തൻകോട് കർശന നിയന്ത്രണത്തിനൊരുങ്ങി സർക്കാർ. മരിച്ച അബ്‌ദുൾ അസീസുമായി ആരൊക്കെ ഇടപെട്ടു എന്നു വ്യക്തമല്ലാത്തതിനാലും ഇദ്ദേഹത്തിന് എങ്ങനെ രോഗം വന്നുവെന്ന കാര്യം കണ്ടെത്താൻ സാധിക്കാത്തതിനാലും പ്രദേശത്തെ മുഴുവൻ പേരും നിരീക്ഷണത്തിൽ പോകണമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. പോത്തൻകോട്, മാണിക്കൽ, മംഗലപുരം, വെമ്പായം തുടങ്ങിയ എല്ലാ പഞ്ചായത്തുകളിലേയും മുഴുവൻ ആളുകളും അടുത്ത മൂന്നാഴ്ച പുറത്തിറങ്ങാതെ കർശനമായ സ്വയം നിരീക്ഷണത്തിൽ കഴിയണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.
ഈ പഞ്ചായത്തുകളിൽ ഉടനെ സമ്പൂർണ ശുചീകരണം നടത്തും. അടിയന്തരസാഹചര്യം നേരിടുന്നതിനായി പോത്തൻകോട് കൺട്രോൾ റൂം തുറക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. മരണപ്പെട്ട ആളുമായി ഇടപ്പെട്ട ആളുകൾ എല്ലാം വീടുകളിൽ പ്രത്യക നിരീക്ഷണത്തിന് വിധേയരാകണം. രോഗിയുടെ റൂട്ട് മാപ്പ് അടക്കമുള്ള കാര്യങ്ങളിൽ ആശയക്കുഴപ്പം തുടരുകയാണ്. അബ്‌ദുൾ അസീസുമായി അടുത്തിടപഴകിയവരെല്ലാം നിരീക്ഷണ സന്നദ്ധരായി സ്വയം മുന്നോട്ട് വരണമെന്നും, അതല്ലാതെ മറ്റു മാർഗമില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.