തിരുവനന്തപുരം: അന്യസംസ്ഥാന തൊഴിലാളികളെ സംരക്ഷിക്കാൻ തദ്ദേശ ഭരണ സ്ഥാപനങ്ങൾ ശ്രദ്ധ പുലർത്തണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കളക്ടറേറ്റിൽ അന്യസംസ്ഥാന തൊഴിലാളികളുടെ സൗകര്യങ്ങൾ വിലയിരുത്താൻ ചേർന്ന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്ഷണം, മറ്റ് അവശ്യവസ്തുക്കൾ, വൃത്തിയുള്ള താമസസ്ഥലം എന്നിവ ഉറപ്പാക്കണം. തങ്ങളുടെ കീഴിലുള്ള തൊഴിലാളികളുടെ സൗകര്യങ്ങൾ ഉറപ്പാക്കാൻ കരാറുകാർ ശ്രദ്ധിക്കണം. ഒറ്റപ്പെട്ട തൊഴിലാളികളുടെ കാര്യത്തിൽ അതത് തദ്ദേശ ഭരണ സ്ഥാപനങ്ങൾ ശ്രദ്ധ പതിപ്പിക്കണം. ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ, ജില്ലാ പൊലീസ് മേധാവി ബി.അശോക്, എ.ഡി.എം. വി.ആർ.വിനോദ്, അസി. കളക്ടർ അനുകുമാരി, ജില്ലാ ലേബർ ഓഫീസർ വിജയകുമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.