ഈറോഡ്: തമിഴ്‌നാട്ടിൽ 50 പേർക്കുകൂടി ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചു. നിസാമുദീൻ മതസമ്മേളത്തിൽ പങ്കെടുക്കാനായി എത്തിയവരാണ് രോഗം ബാധിച്ച 45 പേരും. ബാക്കിയുള്ള അഞ്ച് പേർ ഇവരിൽ നിന്നുമാണ് രോഗം പകർന്നു കിട്ടിയവരാണ്. രോഗം ബാധിച്ചവരിൽ കൂടുതൽ പേരും ഈറോഡ് സ്വദേശികളാണെന്ന വിവരമാണ് പുറത്തുവരുന്നത്. സംഭവത്തെ തുടർന്ന് ഈറോടും സേലത്തും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഇതോടെ നിസാമുദീൻ സമ്മേളനത്തിന് പോയ 66 പേരിലാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. നിലവിലെ കണക്കനുസരിച്ച് തമിഴ്‌നാട്ടിലെ കൊറോണ രോഗികളുടെ എണ്ണം 124 ആയി ഉയർന്നിട്ടുണ്ട്. ഡൽഹി നിസാമുദീനിൽ നടന്ന തബ്‌ലീഗ് സമ്മേളനം രാജ്യത്താകമാനം ഭീതി പടർത്തുകയാണ്. സമ്മേളനത്തിൽ പങ്കെടുത്തവരിൽ എത്രപേർ എവിടെയൊക്കെ പോയി എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത കൈവന്നിട്ടില്ല.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുമെത്തിയ സമ്മേളനത്തിൽ പങ്കെടുത്ത 10 പേരാണ് ഇതിനോടകം മരണമടഞ്ഞിരിക്കുന്നത്. സമ്മേളനം നടന്ന മർക്കസിലേക്കെത്തിയ 441 പേർക്ക് രോഗലക്ഷണങ്ങൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. 1107 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. മതസമ്മേളനത്തിൽ 45 മലയാളികളും പങ്കെടുത്തിരുന്നു. സംഭവത്തിൽ സമ്മേളനത്തിന്റെ സംഘാടകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.