alcohol

തിരുവനന്തപുരം: മദ്യാസക്തിയുള്ളവർക്ക് എക്‌സൈസ് വകുപ്പ് ബെവ്‌കോ ഡിപ്പോകൾ വഴി മദ്യമെത്തിക്കുമെന്നും ഒരാഴ്ച മൂന്ന് ലിറ്റർ നിരക്കിൽ മദ്യം വിതരണം ചെയ്യണമെന്നുമുള്ള നിർദേശങ്ങളടങ്ങിയ സർക്കുലർ ഇറക്കി എക്‌സൈസ് കമ്മീഷണർ. സംസ്ഥാനത്ത് ഇന്ന് മുപ്പതുപേർ മദ്യത്തിനായി അപേക്ഷ നൽകി. ആശുപത്രി സീലും ഡോക്ടറുടെ പേരുൾപ്പെടുന്ന സീലും അടങ്ങിയ കുറിപ്പുകളാണ് മദ്യം കിട്ടാനായി എക്‌സൈസ് ഓഫീസിൽ സമർപ്പിക്കേണ്ടത്.

കുറിപ്പടിക്കൊപ്പം തിരിച്ചറിയൽ രേഖയും നൽകേണ്ടതുണ്ട്. ഇതിനായി രോഗിയോ ബന്ധുക്കളോ അപേക്ഷ സമർപ്പിച്ചാൽ മതിയാകും. അനുവദിച്ച അപേക്ഷകർക്ക് നൽകുന്ന പാസുമായി അവർ ബിവറേജസ് കോപ്പറേഷന്റെ വെയർഹൗസുകളെ സമീപിക്കണം എന്നാണ് എക്‌സൈസ് കമ്മീഷണർ സർക്കുലറിൽ വ്യക്തമാക്കിയിരിക്കുന്നത്.

പാസുകൾ കൈവശമുള്ളവർക്ക് മദ്യം വീട്ടിലെത്തിച്ച് നൽകണോ ഔട്ട്ലെറ്റുകൾ വഴി വിതരണം ചെയ്യണോ എന്ന കാര്യത്തിൽ നാളെ തീരുമാനമെടുക്കുമെന്ന് ബെവ്‌ക്കോ എം.ഡി അറിയിച്ചിട്ടുണ്ട്. അതേസമയം സർക്കാർ തീരുമാനത്തിനെതിരെ കെ.ജി.എം.ഒ പ്രതിഷേധം കടുപ്പിച്ചിട്ടുണ്ട്. സർക്കാർ തീരുമാനത്തിനെതിരെ കെ.ജി.എം.ഒ.എ നാളെ കരിദിനം ആവർത്തിക്കുമെന്നും അറിയിച്ചിട്ടുണ്ട്. സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സംഘടനയും ആവശ്യപ്പെട്ടിട്ടുണ്ട്.