നാട്ടിൻപുറങ്ങളിൽ വേനൽക്കാല വിഭവങ്ങളിൽ പ്രധാനമാണ് ചീരയും മാങ്ങയും. ചീരയും മാങ്ങയും ചേർത്ത അവിയൽ, ചീരത്തോരൻ, മാങ്ങ ചേർത്തരച്ച ചമ്മന്തി എന്നിവയൊക്കെ പഴമക്കാരുടെ ഇഷ്ട വിഭവങ്ങളാണ്. ഇവ രണ്ടും ചേരുമ്പോഴുള്ള ആരോഗ്യ ഗുണങ്ങൾ ശ്രേഷ്ഠമാണ്. ചീര ഇരുമ്പിന്റെ കലവറയാണ്. പച്ചമാങ്ങയിൽ വിറ്റാമിൻ സിയും നാരുകളും ധാരാളമുണ്ട്. ചീരയിലുള്ള ഇരുമ്പ് ശരീരത്തിന് ആഗിരണം ചെയ്യാൻ വിറ്റാമിൻ സി അടങ്ങിയ മാങ്ങ സഹായിക്കുന്നു എന്നതാണ് സവിശേഷത. വിളർച്ച അഥവാ അനീമിയയെ പ്രതിരോധിക്കാൻ ചീരയ്ക്ക് അദ്ഭുതകരമായ കഴിവുണ്ട്. മാത്രമല്ല ചീരയും മാങ്ങയും ചേരുന്ന കൂട്ടുകെട്ട് രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കും. രക്തത്തിൽ ഹീമോഗ്ലോബിൻ തോത് ഉയർത്തും. ദഹനശേഷി വർദ്ധിപ്പിക്കാനും ദഹനപ്രശ്നങ്ങൾ പരിഹരിക്കാനും സഹായിക്കുന്നു. പതിവായി കഴിക്കുന്നത് വേനൽക്കാല രോഗങ്ങളെ പ്രതിരോധിക്കാൻ സഹായിക്കും. പഴമക്കാർ ചീര വിഭവങ്ങൾക്കൊപ്പം പച്ചമാങ്ങ കൂടി ഉൾപ്പെടുത്തിയിരുന്നതിന്റെ രഹസ്യം പിടികിട്ടിയില്ലേ.