anakkayam
അ​ഗ്രോ​ ​ടൂ​റി​സം​ ​പ​ദ്ധ​തി​യുടെ ഭാഗമായി ആനക്കയത്ത് ഒരുക്കിയ സൗകര്യങ്ങൾ

സാലി മേലാക്കം

മഞ്ചേരി: ജില്ലയിലെ കാർഷിക വിക്ഞാന രംഗത്തും വിനോദ സഞ്ചാര മേഖലയിലും പുത്തൻ ഉണർവ്വ് സമ്മാനിച്ചു കൊണ്ട് ആനക്കയം കാർഷിക ഗവേഷണ കേന്ദ്രത്തിൽ പ്രാവർത്തികമാക്കിയ അഗ്രോ ടൂറിസം പദ്ധതി ജനകീയമാകുന്നു. കർഷകർക്കും വിദ്യാർത്ഥികൾക്കും ആധുനിക കൃഷി രീതികളെയും കാർഷിക സാങ്കേതിക വിദ്യകളെയും അടുത്തറിയാൻ വിനോദവുമായി സമന്വയിപിച്ചു കൊണ്ടാണ് ആനക്കയം കാർഷിക ഗവേഷണ കേന്ദ്രത്തിൽ അഗ്രോ ടൂറിസം പദ്ധതി കഴിഞ്ഞ വർഷം സെപ്തമ്പറിൽ യാഥാർത്ഥ്യമായത്. കുട്ടികളുടെ പാർക്ക്, നടപാതകൾ, നിരീക്ഷകേന്ദ്രം, അതിഥിമന്ദിരം, ഔഷധസസ്യങ്ങളുടെയും ഫലവൃക്ഷങ്ങളുടെയും തോട്ടം, ഉദ്യാനം എന്നിവയാണ് 40 ലക്ഷം രൂപ ചെലവിൽ അഗ്രോ ടൂറിസം പദ്ധതിയുടെ ഭാഗമായി കേന്ദ്രത്തിൽ ഒരുക്കിയിട്ടുള്ളത്.

അടുത്തറിയാം ഹൈടെക്ക് രീതികൾ
കാർഷിക സമൃദിയുടെ നല്ല വിശേഷങ്ങളാണ് ആനക്കയം കാർഷിക ഗവേഷണ കേന്ദ്രത്തിന് പങ്കുവെക്കാനുള്ളത് അന്യം നിന്നുപോയ്‌കൊണ്ടിരിക്കുന്ന കാർഷിക പാരമ്പര്യത്തിലേക്ക് പുതുതലമുറയെ ആകർഷിക്കാനും കർഷകർക്ക് ആധുനിക കൃഷി രിതികളെയും സാധ്യതകളെയും അടുത്തറിയാനും ഈ കേന്ദ്രം അവസരമൊരുക്കുന്നു. വിനോദത്തിനു പുറമേ ഹൈടെക്‌പോളിഹൗസ് കൃഷിരീതികൾ, ടിഷ്യുകൾച്ചർ ലാബ് സംവിധാനം, ഭഷ്യ സംസ്‌കരണ യൂണിറ്റ് എന്നിവയേയും അടുത്തറിയാൻ കേന്ദ്രം അവസരമൊരുക്കുന്നു. അയൽ ജില്ലകളിൽ നിന്നും സംസ്ഥാനത്ത് പുറത്ത് നിന്നും നിരവധി സംഘങ്ങളാണ് പഠനയാത്രയുടെ ഭാഗമായി പ്രതിദിനം കേന്ദ്രത്തിലെത്തുന്നത്. പ്രവേശനം സൗജന്യമായ കേന്ദ്രത്തിൽ പ്രവർത്തി ദിനങ്ങളിൽ 10 മണി മുതൽ 4 മണി വരെയാണ് സന്ദർശനം അനുവദിച്ചിട്ടുള്ളത്.കാഴ്ച്ചകൾക്കൊപ്പം വിപണനവും കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട് വ്യത്യസ്ത ഇനം പഴം പച്ചക്കറിത്തൈകൾ, അലങ്കാര ചെടികൾ, ശിത കാല പച്ചകറിവിത്തുകൾ, സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കൾ, സ്‌ക്വാഷുകൾ എന്നിവ കർഷകർക്കും കേന്ദ്രത്തിലെത്തുന്ന മറ്റുള്ളവർക്കും വാങ്ങാനുള്ള സെയിൽസ് കൗണ്ടറും ഇവിടെ ഒരുക്കിയിട്ടുണ്ട്.
കാർഷിക ടൂറിസത്തിൽ അനന്ത സാധ്യത ഒരുക്കിയാണ് ആനക്കയം കാർഷിക ഗവേഷണ കേന്ദ്രം കാഴ്ച്ചക്കാരെ ആകർഷിക്കുന്നത് .ആധുനിക കാർഷിക സംസ്‌കാരം വിനോദവുമായി ഇഴചേരുന്ന അപൂർവ്വ കാഴ്ച്ചകൾ നേരിട്ടനുഭവിക്കാൻ പുതുതലമുറയേയും ഈ കേന്ദ്രം സ്വാഗതം ചെയ്യുന്നു.


അഗ്രോ ടൂറിസം പദ്ധതി യാഥാർത്ഥ്യമായതിന് ശേഷം നിരവധി സന്ദർഷകരാണ് പ്രതി ദിനം കേന്ദ്രത്തിലെത്തുന്നത്.വിദ്യാർത്ഥികൾക്കും, കർഷകർക്കും,കുടുബങ്ങൾക്കും പ്രയോജനപ്രദമാകുന്ന ഒട്ടേറെ പദ്ധതികൾ കേന്ദ്രത്തിലുണ്ട്.

ഡോ. മുസ്തഫ കുന്നതാടി
കേന്ദ്രം മേധാവി.



ഒരു കോടി രൂപയുടെ വിറ്റുവരവാണ് ഈ വർഷം കേന്ദ്രത്തിലുണ്ടായത്.ഇവിടെ ഉണ്ടാക്കുന്ന വിത്തുകൾക്കും സംസ്‌കരിച്ച ഭക്ഷ്യ വസ്തുകൾക്കും മികച്ച ഡിമാന്റാണ്, പുണാർപുളി, ഓർക്കാപുളി, പച്ചമാങ്ങ, സ്‌ക്വാഷുകളും കേന്ദ്രത്തിൽ ലഭ്യമാണ്.

ഇ. ജുബൈൽ
ഫാം ഹെഡ്