പെരിന്തൽമണ്ണ: ആനമങ്ങാട് പാറൽ കല്ലിരട്ടി കുന്നിൽ നിന്നും തെരുവ് നായകളുടെ ആക്രമണത്തിൽ പരിക്കേറ്റ് അവശനിലയിൽ കിടന്നിരുന്ന കുരങ്ങൻ കുഞ്ഞിന് രക്ഷകരായത് ഒരു കൂട്ടം യുവാക്കൾ. സഹജീവികളോടുള്ള സ്‌നേഹം മരിച്ചിട്ടില്ലെന്ന് ഒരിക്കൽ കൂടി നമ്മെ ഓർമപ്പെടുത്തിയത് പാറലിലെ തൊങ്ങത്ത് താഹിർ,
കാട്ടുകണ്ടത്തിൽ മുഹമ്മദ് കുട്ടി, കൊരമ്പി ഷുഹൈബ്, സി.പി അൻവർ, ആസ്സാം സ്വദേശിയായ ഫർമാൻ അലി എന്നിവരിലൂടെയാണ്. ഞായറാഴ്ച്ച രാവിലെയാണ് പാറൽ കല്ലിരട്ടിയിലെ കോഴി ഫാമിലേക്ക് പോകുന്ന വഴിയിൽ കുട്ടികുരങ്ങൻ പരിക്കേറ്റ നിലയിൽ കിടക്കുന്നത് ശ്രദ്ധയിൽപെട്ടത്. ഉടനെ ഫാമുടമ മുഹമ്മദ് കുട്ടിയും സഹായി ഫർമാൻ അലിയും ചേർന്ന് പ്രാഥമിക ചികിത്സയും ഭക്ഷണവും നൽകിയെങ്കിലും.
വീണ്ടും അവശനില തുടർന്നപ്പോൾ മൃഗ സംരക്ഷകരും സാമൂഹ്യ പ്രവർത്തകരുമായ താഹിറിനെയും കൂട്ടുകാരെയും വിവരം അറിയിച്ചു. ഞായറാഴ്ച്ചയായതിനാൽ പഞ്ചായത്ത് മൃഗാശുപത്രിയിൽ ഉച്ച വരെ മാത്രമാണ് വെറ്റിനറി ഡോക്ടർ ഉണ്ടായിരുന്നുള്ളൂ . പിന്നീട് യുവാക്കൾ ചേർന്നു പാലോളി പറമ്പിലുള്ള തുവ്വൂർ മൃഗാശുപത്രിയിലെ വെറ്റിനറി സർജൻ ഡോ. അജയന്റെ വീട്ടിൽ കുട്ടികുരങ്ങനെ എത്തിക്കുകയായിരുന്നു. അദ്ദേഹം വൈദ്യ പരിശോധന നടത്തുകയും തുടർന്ന് വെറ്റിനറി സർജൻ ഫോറസ്റ്റ് വിഭാഗത്തിലെ റാപിഡ് റെസ്‌പോൺസ് ടീമിനെ ഏല്പിക്കുവാൻ നിർദേശിച്ചു. നിലമ്പൂരിലെ ആർ.ആർ.ടിയെ ബന്ധപ്പെട്ടപ്പോൾ കൊടികുത്തിമലയിലെ ഫോറസ്റ്റ് ഔട്ട് പോസ്റ്റിൽ എത്തിക്കുവാൻ നിർദേശിച്ചു. യുവാക്കൾ കുരങ്ങൻ കുഞ്ഞിനെ കൊടികുത്തി മലയിലെ ഫോറസ്റ്റ് ഔട്ട് പോസ്റ്റിലെത്തിച്ചു. കൊടികുത്തിമലയിലെ ഔട്ട് പോസ്റ്റിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ സനൂപ് പയ്യന്നൂർ, വാച്ചർമാരായ റിയാസ് അമ്മിനിക്കാട്, സജീഷ് പാതയ്ക്കര എന്നിവരെ ഏൽപ്പിച്ചു.