എടപ്പാൾ: എല്ലാ മതവിഭാഗങ്ങളോടും ഇടപെഴകി വേണം വിദ്യാർഥികൾ വളരേണ്ടതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ.കെ.ടി ജലീൽ പറഞ്ഞു. ഗ്രാമപഞ്ചായത്ത് നാഷനൽ റർബൻ മിഷൻ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം കോലൊളമ്പ് ജി.യുപി സ്കൂളിൽ കെട്ടിടത്തിന് തറക്കല്ലിട്ടു നിർവഹിക്കുകയായിരുന്നു മന്ത്രി.
എല്ലാ മതവിഭാഗത്തിൽപ്പെട്ടവരും അവരുടെ കൂട്ടുകാരാകണം. മതനിരപേക്ഷതയുടെയും മതസൗഹാർദ്ദത്തിന്റെയും പാഠങ്ങൾ പൊതുവിദ്യാലയങ്ങൾ നമ്മെ പഠിപ്പിക്കുന്നു. മത വർഗീയ ശക്തികൾക്ക് നമ്മുടെ കുട്ടികളുടെ മനസ്സിലേക്ക് കടന്നു കയറാതിരിക്കാൻ ഏറ്റവും വലിയ പ്രതിരോധ കവചം പൊതു വിദ്യാലയങ്ങളാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.എടപ്പാൾ, വട്ടംകുളം പഞ്ചായത്തുകളെ ഒരു ക്ലസ്റ്ററായി തിരിച്ചാണ് നാഷനൽ റർബൻ മിഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പദ്ധതിയിലൂടെ ഓരോ പഞ്ചായത്തിനും 15 കോടി രൂപ വീതം ലഭിക്കും. ഗ്രാമീണ റോഡുകൾ, കൃഷി അനുബന്ധ പ്രവർത്തനങ്ങൾ, സോളാർ മിനി മാസ്റ്റ്, സ്കൂൾ കെട്ടിടങ്ങൾ, കൃഷിഭവൻ കെട്ടിടം, അങ്കണവാടികൾ, സ്കിൽ ഡവലപ്മെന്റ് സെന്റർ, ഹെൽത്ത് സബ് സെന്ററുകൾ, കായലോര പാർക്ക്, ഇൻഡോർ സ്റ്റേഡിയം തുടങ്ങി എല്ലാ മേഖലകളിലെയും സമഗ്ര വികസന പ്രവർത്തനങ്ങളാണ് എടപ്പാൾ ഗ്രാമപഞ്ചായത്ത് പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്.ചടങ്ങിൽ എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി ബിജോയ് അധ്യക്ഷനായി. ജില്ലാ പ്രൊജക്ട് ഡയറക്ടർ പ്രീതി മേനോൻ മുഖ്യാതിഥിയായി