എടക്കര: ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും തകർന്ന നാടുകാണി ചുരം പാതയിൽ പഠനം നടത്താൻ ഒടുവിൽ വിദഗ്ധ സംഘം എത്തി. ഡൽഹി സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടിലെ പ്രിൻസിപ്പിൽ സയന്റിസ്റ്റ് ഡോ. വസന്ത് ജി. ഹവണാങ്കി, സീനിയർ സയന്റിസ്റ്റ് ജി.എസ്. പാർവതി എന്നിവരാണ് തിങ്കളാഴ്ച ഉച്ചയോടെ വഴിക്കടവിലത്തെിയത്. ഉരുൾപൊട്ടലിൽ തകർച്ച നേരിട്ട ചുരത്തിലെ ജാറത്തിന് സമീപമുള്ള ഭാഗവും തേൻപാറ, തകരപ്പാടി ഭാഗങ്ങളിലും സംഘം സന്ദർശനം നടത്തി. ജാറത്തിന് സമീപം റോഡ് താഴ്ന്ന ഭാഗങ്ങളിൽ പരിശോധിച്ച സംഘം സമീപത്തെ വനത്തിൽ മുപ്പത് മീറ്റർ അകലെയുള്ള കുളവും താഴ്ഭാഗത്തെ കലുങ്കിന് സമീപവും ചെന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ഇടിച്ചിൽ ഭാഗത്ത് വലിയതോതിൽ ബോറിങ് നടത്താതെ തന്നെ എങ്ങിനെ പുനർനിർമാണം സാധ്യമാക്കാമെന്ന് ഇവർ പഠനം നടത്തും. ഈ ഭാഗത്തെ പഴയതും പുതിയതുമായ അവസ്ഥ പരിശോധിച്ചായിരിക്കും പഠനം നടത്തുക. അടുത്ത ദിവസം കൂടുതൽ പേരടങ്ങുന്ന സംഘം പഠനത്തിനായി ചുരത്തിലത്തെും. ഈ വിദഗ്ധ സംഘം വിശദമായ പഠനം നടത്തിയ ശേഷം ഏപ്രിൽ ആദ്യവാരത്തിൽ റിപ്പോർട്ട് സർക്കാറിന് മുന്നിൽ സമർപ്പിക്കുമെന്ന് സീനിയർ സയന്റിസ്റ്റ് ജി.എസ്. പാർവതി പറഞ്ഞു. ഉരുൾപൊട്ടലിൽ നേരിട്ട ചുരം പാതയിലെ തകർച്ച പരിഹരിക്കാൻ വിദഗ്ധ പഠനം നടത്തുന്നതിന് സംസ്ഥാന സർക്കാർ 30.09 ലക്ഷം രൂപ നേരത്തെ അനുവദിച്ചിരുന്നു. ഇത്രയും തുക കൈമാറി ഒന്നര മാസം പിന്നിട്ടിട്ട ശേഷമാണ് സംഘം തിങ്കളാഴ്ച ചുരം സന്ദർശിക്കാനത്തെിയത്. പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനീയർ പ്രിൻസ് ബാലൻ, ഊരാളുങ്കൽ ലേബർ സൊസൈറ്റി അധികൃതർ എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.