local

കൊണ്ടോട്ടി:കരിപ്പൂരിൽ വിമാനത്തിന്റെ സീറ്റിനിടയിൽ ഒളിപ്പിച്ചതും യാത്രക്കാരൻ ചോക്ലേറ്റിനുള്ളിൽ കടത്തിയതുമായ ഒന്നര കോടിയുടെ 3,539 ഗ്രാം സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. ജിദ്ദയിൽ നിന്നു കരിപ്പൂരിലെത്തിയ സൗദി എയർലൈൻസ് വിമാനത്തിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ചവച്ച രീതിയിലാണ് 2.698 കിലോ സ്വർണ ബാറുകൾ കണ്ടെടുത്തത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കസ്റ്റംസ് വിഭാഗം വിമാനത്തിൽ കയറി പരിശോധന നടത്തുകയായിരുന്നു. ഇതിനിടയിലാണ് സ്വർണം കണ്ടെടുത്തത്. ഇവക്ക് വിപണിയിൽ 1.14 കോടി രൂപ വില ലഭിക്കും.


ഇത്തിഹാദ് എയറിന്റെ അബുദാബി വിമാനത്തിലെത്തിയ മലപ്പുറം വണ്ടൂർ പുന്നപ്പാല സഹീർ (28) ചോക്ലേറ്റ് ബോക്സുകളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 841 ഗ്രാം സ്വർണ തകിടുകളും കസ്റ്റംസ് കണ്ടെടുത്തു. സംശയം തോന്നി കസ്റ്റംസ് വിഭാഗം പരിശോധന നടത്തിയപ്പോഴാണ് ബാഗേജിൽ ചോക്ലേറ്റ് പെട്ടികളിൽ ഒളിപ്പിച്ച സ്വർണ തകിടുകൾ കണ്ടെടുത്തത്. ഇതിന് 35 ലക്ഷം രൂപ വില വരും. രണ്ടു കേസുകളിലായി കണ്ടെടുത്ത 3539 ഗ്രാം സ്വർണത്തിന് ഇന്ത്യൻ വിപണിയിൽ 1.5 കോടി രൂപ വില വരും. കസ്റ്റംസ് അസിസറ്റൻറ് കമ്മീഷണർ എ.കെ സുരേന്ദ്രനാഥിന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ ജ്യോതിർമയി, രഞ്ജി വില്ല്യംസ്, ഇൻസ്‌പെക്ടർമാരായ രബീന്ദ്ര, പ്രമോദ്, രാജൻ, സുമിത്ത്, സന്ദീപ്, രാമേന്ദ്ര, എന്നിവരടങ്ങി സംഘമാണ് കള്ളക്കടത്ത് പിടിച്ചത്.