 
എടപ്പാൾ: കണ്ടനകം ബസ് സ്‌റ്റേഷൻ മാസ്റ്റർ ഓഫീസ് അടച്ചു പൂട്ടിയിട്ട് വർഷങ്ങൾ പിന്നിടുന്നു. ജനങ്ങളുടെയും യാത്രക്കാരുടെയും പരാതികൾ കേൾക്കാൻ ആളില്ലാത്ത അവസ്ഥ തുടർകഥയാകുമ്പോൾ ഡിപ്പോയിൽ ട്രാൻസ്‌പോർട്ട് ബസ്സുകൾ കയറുന്നത് തോന്നുംപടിയായി. ഒട്ടേറെ നിവേദനങ്ങളും പരാതികളും വകുപ്പ് അധികൃതർക്ക് കൈമാറിയെങ്കിലും ഫലമില്ലാത്ത അവസ്ഥയാണ്.
തൃശ്ശൂരിനും കോഴിക്കോടിനും ഇടയിലെ ഇടനാഴിയായി വർത്തിക്കുന്ന ഏക സ്‌റ്റേഷൻ മാസ്റ്റർ ഓഫീസാണ് അടഞ്ഞു കിടക്കുന്നത്. മന്ത്രി കെ.ടി. ജലീൽ, വകുപ്പ് മന്ത്രി എൻ.കെ. ശശീന്ദ്രൻ, എം.ഡി. എന്നിവർക്ക് ഇത് സംബന്ധിച്ച് ഒട്ടേറെ പരാതികളാണ് നാട്ടുകാർ നൽകിയത്. കേരളത്തിലെ മികച്ച ട്രാൻസ്‌പോർട്ട് ബോഡി നിർമ്മാണ യൂണിറ്റ് ഉള്ളിടത്താണ് ഈ അലംഭാവവും നിസ്സംഗതയും വകുപ്പ് അധികൃതർ കാണിക്കുന്നത്. കോയമ്പത്തൂർ അവിനാശിയിൽ ഉണ്ടായ അപകടത്തിൽ തകർന്ന ബസ്സ് വരെ പുനർ നിർമ്മാണം വരെ എടപ്പാൾ ഡിപ്പോയിലാണ്.
സൂപ്പർ എക്സ്പ്രസ് വരെ നിറുത്തേണ്ടിടത്ത് പലപ്പോഴും ഡ്രൈവർമാർ നിറുത്താതെ പോകുന്നു. യാത്രക്കാർ കൂകി വിളിച്ചാൽ മാത്രം ബസ് ഡിപ്പോയിൽ കയറിയെന്നിരിക്കും. നെടുമ്പാശ്ശേരി, കരിപ്പൂർ എന്നിവിടങ്ങളിലേക്കുള്ള ബസ് സർവീസിന് ഡിപ്പോയിൽ വൻ തിരക്കായിരുന്നു. അധികൃതരുടെ അവഗണനയോടെ അതിനും ഗണ്യമായ കുറവ് വന്നു. നിരവധി കുടുംബങ്ങൾ ഡിപ്പോയിൽ എത്തി ബസ് കിട്ടാതെ മടങ്ങുന്ന കാഴ്ചക്കും ഡിപ്പോ സാക്ഷിയാകുന്നു. ഡിപ്പോയിൽ ജോലിക്ക് വരുന്ന ഇരുന്നൂറിലേറെ വരുന്ന ജീവനക്കാർക്കും ബസ്സുകൾ ഡിപ്പോയിൽ കയറാത്തത് കടുത്ത അമർഷമുണ്ട്.
ഇതിനിടയിൽ ഡിപ്പോയിൽ കൊറിയർ സർവ്വീസ് തുടങ്ങിയെങ്കിലും അതും പൂർണ്ണമായും നിലച്ചത് മറ്റൊരു പ്രതിഷേധത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. 2013ൽ 25 ലക്ഷം എംഎൽഎ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടമാണ് ജീർണ്ണാവസ്ഥയിലേക്ക് പോകുന്നത്.