എടക്കര: നാടുകാണി ചുരത്തിൽ വീണ്ടും ചരക്ക് ലോറിക്ക് തീപിടിച്ചു. തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെ ആനമറി എക്‌സൈസ് ചെക്‌പോസ്റ്റിന് സമീപത്തായാണ് സംഭവം. ആന്ധ്രയിൽ നിന്നും സിമന്റ് കയറ്റിവന്ന ലോറിക്കാണ് തീപിടിച്ചത്. പന്ത്രണ്ട് ചക്രമുള്ള ലോറിയുടെ പിറകിലെ ചക്രത്തിൽ നിന്നും പടർന്ന തീ ജീവനക്കാരുടെ അവസരോചിത ഇടപെടലിലൂടെ നിയന്ത്രണവിധേയമാകുകയായിരുന്നു. ലോറിയിലുണ്ടായിരുന്ന തീയണക്കാൻ ഉപയോഗിക്കുന്ന വസ്തുകൊണ്ടാണ് ഇവർ തീയണച്ചത്. ഡ്രൈവർക്കൊപ്പം അദ്ദേഹത്തിന്റെ കുടുംബവും ലോറിയിലുണ്ടായിരുന്നു. ഞായറാഴ്ച രാത്രി പഞ്ചസാര ലോഡുമായി വന്ന ലോറിക്കും തീപിടിച്ചിരുന്നു. അതേസമയം, ചൂട് കാലത്ത് ചരക്ക് വാഹനങ്ങളിൽ അഗ്നിശമന ഉപകരണം കരുതാൻ ശ്രദ്ധിക്കണമെന്ന് വഴിക്കടവ് പൊലീസ് സബ് ഇൻസ്‌പെക്ടർ ബി.എസ്. ബിനു ആവശ്യപ്പെട്ടു. ചൂട് കനത്തതും റോഡിലെ ചൂടും ഒന്നിക്കുമ്പോൾ ദീർഘദൂര വാഹനങ്ങളുടെ ചക്രങ്ങളിലൂടെ തീ പിടിക്കാൻ സാധ്യയേറെയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.