മലപ്പുറം: മാസങ്ങളായി തുടരുന്ന കടുത്ത ട്രഷറി നിയന്ത്രണം തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി നിർവഹണത്തെയും പ്രതിസന്ധിയിലാക്കി. സാമ്പത്തിക വർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ, 7,209.10 കോടി രൂപയുടെ പദ്ധതികളിൽ 3,422.21 കോടിയുടെ മാത്രമാണ് ഇന്നലെ വരെ ചെലവഴിച്ചത്. 47.47 ശതമാനം. ആറു വർഷത്തിനിടെ ഏറ്റവും താഴ്ന്ന നിലയാണിത്. കഴിഞ്ഞ വർഷം ഈ സമയം 84.66 ശതമാനം തുക ചെലവഴിച്ചിരുന്നു.
1,153.04 കോടിയുടെ ബില്ലുകൾ ട്രഷറിയിൽ കെട്ടിക്കിടക്കുന്നുണ്ട്. ഇതനുവദിച്ചാലും പദ്ധതി നിർവഹണം 63.46 ശതമാനമേ ആവൂ. നേരത്തെ ഒരുലക്ഷം രൂപ വരെയുള്ള ബില്ലുകളാണ് പാസാക്കിയിരുന്നത്. മെയിന്റനൻസ് ഗ്രാന്റിലടക്കം ഇത് പ്രതിസന്ധി സൃഷ്ടിച്ചതോടെ ജനുവരി മുതൽ പരിധി അഞ്ച് ലക്ഷമാക്കി ഉയർത്തിയിരുന്നു. ഇതും ഇപ്പോൾ അടിയന്തര സ്വഭാവമുള്ള പദ്ധതികൾക്കാക്കി ചുരുക്കി.
54,394 ബില്ലുകൾ ട്രഷറിയിൽ കെട്ടിക്കിടക്കുന്നുണ്ട്. ഇതിൽ 15,076 എണ്ണം മെയിന്റനൻസ് ഗ്രാന്റാണ്. 494.34 കോടി രൂപ ഈ ഇനത്തിൽ നൽകാനുണ്ട്. കുടിശ്ശിക അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് കരാറുകാർ പണിമുടക്കിയതോടെ സാങ്കേതികാനുമതി ലഭിച്ച മരാമത്ത് പദ്ധതികൾ മുടങ്ങി. അഞ്ചുലക്ഷത്തിന് മുകളിലുള്ള ബില്ലുകളിൽ ആറുമാസത്തെ ഇടവേളയിൽ ഡേറ്റിട്ട് കൊടുക്കുകയാണിപ്പോൾ. കോർപറേഷനുകളാണ് പദ്ധതി നിർവഹണത്തിൽ ഏറ്റവും പിന്നിൽ.
പദ്ധതി നിർവഹണം
കോർപറേഷനുകൾ 34.89%
ജില്ലാ പഞ്ചായത്തുകൾ 36.14%
മുനിസിപ്പാലിറ്റി 39.54%
ബ്ലോക്ക് പഞ്ചായത്ത് 51.43%
ഗ്രാമപഞ്ചായത്ത് 54.07%
താരതമ്യേന ചെറിയ തുകയുടെ പദ്ധതികളാണ് കൂടുതലെന്നതാണ് ഗ്രാമപഞ്ചായത്തുകളെ തുണച്ചത്.
പിന്നിൽ തലസ്ഥാനം
ജില്ലാ അടിസ്ഥാനത്തിലെ കണക്കിൽ പത്തനംതിട്ടയാണ് മുന്നിൽ. 301 കോടിയിൽ 160.1 കോടി ചെലവഴിച്ച് 53.14 ശതമാനത്തിലെത്തി. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കൊല്ലം ഒഴികെ ഏല്ലാ ജില്ലകളും 50 ശതമാനത്തിൽ താഴെയാണ്. തിരുവനന്തപുരമാണ് ഏറ്റവും പിന്നിൽ. 858.51 കോടിയുടെ പദ്ധതികളിൽ 367.16 കോടിയാണ് ചെലവഴിച്ചത്. 42.76%.
പദ്ധതിച്ചെലവ് ശതമാനത്തിൽ
2014 15 68.21
2015 16 73.61
2016 17 67.08
2017 18 85.44
2018 19 84.66
2019 20 47.47
( മാർച്ച് 8 വരെയുള്ള കണക്ക്)
ഈ മാസം കൂടുതൽ മെച്ചപ്പെട്ട സ്ഥിതിയുണ്ടാവും. പദ്ധതി തുക ചെലവഴിക്കുന്നതിൽ തടസ്സങ്ങളുണ്ടാവില്ല. ഇതിനകം തന്നെ എല്ലാ പദ്ധതികളും ആരംഭിച്ചിട്ടുണ്ട്. ശേഷിക്കുന്ന ബില്ലുകൾ ഏപ്രിലിൽ കൊടുത്തുതീർക്കും. കഴിഞ്ഞ വർഷത്തെ ചെലവഴിക്കലിലേക്ക് ഈ വർഷവുമെത്തും.
എ.സി.മൊയ്തീൻ, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി