kadakamapally

മലപ്പുറം: പണിമുടക്കുമ്പോൾ കെ.എസ്.ആർ.ടി.സി ബസ് ആകാശത്ത് നിറുത്താൻ പറ്റുമോയെന്ന് ചോദിക്കുന്നവർ റോഡിൽ തലങ്ങും വിലങ്ങും നിറുത്താൻ ഡ്രൈവർമാർക്ക് അവകാശമില്ലെന്നത് കൂടി മനസ്സിലാക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കേരള സ്റ്റേറ്റ് ഓട്ടോ ടാക്സി ആന്റ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ(സി.ഐ.ടി.യു)​ സംസ്ഥാന പ്രതിനിധി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

പൗരന്റെ അവകാശങ്ങൾ മാനിക്കുന്ന സർക്കാരിന് ഇത് നോക്കിനിൽക്കാനാവില്ല. ന്യായമായ സമരത്തിന് സർക്കാർ എതിരല്ല. അവശ്യമേഖലയിൽ പണിമുടക്കി ഒരു നാടു മുഴുവൻ സ്തംഭിപ്പിക്കുമ്പോൾ പലപ്രാവശ്യം ചിന്തിക്കണം. രമ്യമായി തീർക്കേണ്ട വിഷയം സങ്കീർണ്ണമാക്കി സ‌ർക്കാരിനെ കരിവാരി തേക്കുന്നവരുടെ വലയിൽ നമ്മുടെ തൊഴിലാളികളുംപെട്ടു. എന്തൊരു അന്യായമാണവർ ചെയ്തത്. ഒരുസർക്കാരിന് ഇതിൽപ്പരം അവമതിപ്പ് ഉണ്ടാവാനുണ്ടോ- അദ്ദേഹം പറഞ്ഞു.

പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ.ദിവാകരൻ ഉദ്ഘാടനം ചെയ്തു. ഇന്ന് സമാപന പൊതുസമ്മേളനം സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറിഎളമരം കരീം ഉദ്ഘാടനം ചെയ്യും.