coronavirus

മലപ്പുറം : കൊറോണ വൈറസ് (കോവിഡ് 19) അറബ് രാഷ്ട്രങ്ങളിൽ വെല്ലുവിളിയാകുമ്പോൾ പ്രവാസികളേറെയുള്ള ജില്ലയിൽ മുൻകരുതൽ പ്രവർത്തനങ്ങൾ ഊർജ്ജിതമായി പുരോഗമിക്കുന്നു. വൈറസ് ബാധിത രാജ്യങ്ങളിൽ നിന്നെത്തിയവരും അവരുമായി നേരിട്ടു സമ്പർക്കം പുലർത്തിയവരുമായ 12 പേർക്ക് ഇന്നലെ (മാർച്ച് ആറ്) പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. 67 പേരാണ് ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ അഞ്ചുപേർ ഐസൊലേഷൻ വാർഡിലും 62 പേർ വീടുകളിൽ സ്വയം നിരീക്ഷണത്തിലും കഴിയുന്നു.


വൈറസ് ബാധ സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രതയാണ് ആവശ്യമെന്നും ജില്ലാതല പ്രതിരോധ മുഖ്യ സമിതി നിർദേശിച്ചു. ജില്ലയിൽനിന്നു അയച്ച 65 സാമ്പിളുകളിൽ 56 പേരുടെ വിദഗ്ദ്ധ പരിശോധനാ ഫലം ലഭിച്ചു. ഇതിൽ ആർക്കും രോഗബാധയില്ലെന്നു സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ. സകീന അറിയിച്ചു. കൂടുതൽ പ്രവാസികളെത്തുന്ന കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരെ പരിശോധനയ്ക്കു വിധേയമാക്കുന്നുണ്ട്. രോഗബാധിത രാജ്യങ്ങളിൽ നിന്നെത്തുന്നവർ 14 ദിവസം വീടുകളിൽ കഴിയണം. രോഗബാധിത പ്രദേശങ്ങളിൽ നിന്നുള്ളവർ 28 ദിവസത്തെ സ്വയം നിരീക്ഷണത്തിൽ കഴിയണം. കൊറോണ മുൻകരുതൽ പ്രവർത്തനങ്ങൾ ജില്ലാതല പ്രതിരോധ മുഖ്യ സമിതി വിലയിരുത്തി.