മലപ്പുറം: അറബ് രാജ്യങ്ങളിലടക്കം കൊവിഡ് 19 വൈറസ് ഭീഷണിയുയർത്തുമ്പോൾ ജില്ലയിൽ ആരോഗ്യ ജാഗ്രത തുടരുന്നു. പൊതുജനങ്ങൾ ജാഗ്രത നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നു കൊറോണ പ്രതിരോധ ജില്ലാതല മുഖ്യ സമിതി അറിയിച്ചു. കൊവിഡ് 19 ഭീഷണി മുൻനിറുത്തി ജില്ലയിൽ തുടരുന്ന മുൻകരുതൽ പ്രവർത്തനങ്ങൾ ജില്ലാ കളക്ടർ ജാഫർ മാലിക് അദ്ധ്യക്ഷനായ മുഖ്യസമിതി വിലയിരുത്തി. അറബ് രാജ്യങ്ങളിൽ വൈറസ് ഭീഷണി നിലനിൽക്കെ മുൻകരുതൽ നടപടികൾ ജില്ലയിൽ ഊർജ്ജിതമാണെന്നു് ജില്ലാ കളക്ടർ പറഞ്ഞു. കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 24 മണിക്കൂറും ആരോഗ്യസംഘത്തിന്റെ സേവനം ലഭ്യമാണ്. രോഗബാധിത പ്രദേശങ്ങളിൽ നിന്നെത്തുന്നവർ ജില്ലാതല കൺട്രോൾ സെല്ലിന്റെ സഹായം തേടണം.
പ്രത്യേക നിരീക്ഷണം
ഇന്നലെ എട്ട് പേർക്കുകൂടി പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി.
ജില്ലയിലിപ്പോൾ 60 പേരാണ് നിരീക്ഷണത്തിലുള്ളത്.
11 പേർ ഐസൊലേഷൻ വാർഡിലും 49 പേർ വീടുകളിലും കഴിയുന്നു.
നിരീക്ഷണത്തിലുള്ളവരുമായി ജില്ലാതല കൺട്രോൾ സെൽ നിരന്തരം ബന്ധപ്പെടുന്നുണ്ട്.
ജില്ലയിൽ നിന്നു 73 സാമ്പിളുകളാണ് വിദഗ്ദ്ധ പരിശോധനയ്ക്കായി അയച്ചത്.
58 പേരുടെ പരിശോധനാ ഫലം ലഭ്യമായതിൽ ആർക്കും വൈറസ് ബാധയില്ലെന്നു സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു.