പെരിന്തൽമണ്ണ: കൊളത്തൂർ പൊലീസ് പിടികൂടിയ തൊണ്ടിവാഹനങ്ങൾ അപകടകരമാം വിധം റോഡരിക് കൈയടക്കിയതോടെ ദുരിതത്തിലായിരിക്കുകയാണ് പ്രദേശവാസികൾ. വളാഞ്ചേരി, പെരിന്തൽമണ്ണ ഭാഗത്തേക്കുള്ള ബസുകളുടെയും കുറുപ്പത്താലിലേക്കും തിരിച്ചുമുള്ള മരണപ്പാച്ചിലിന്റെ വേദി കൂടിയാണ് പൊലീസ് സ്റ്റേഷൻ ജംഗ്ഷൻ. റോഡിൽ നിർത്തിയിട്ടിരിക്കുന്ന തൊണ്ടി വാഹനങ്ങൾക്ക് ഇടയിലൂടെ ജീവൻ പണയംവച്ച് വേണം വഴിയാത്രക്കാർക്ക് നടക്കാൻ. പെരിന്തൽമണ്ണ റോഡിൽ പൊലീസ് സ്റ്റേഷനു സമീപമാണ് തൊണ്ടി വാഹനങ്ങൾ റോഡ് കൈയടക്കിയിട്ടുള്ളത്. സമീപത്തായി പള്ളികൾ, മദ്രസ, ഗവൺമെന്റ് കോളജ് തുടങ്ങിയവയും സ്ഥിതി ചെയ്യുന്നുണ്ട്. നിയമപാലകരുടെ ഈ അനധികൃത പാർക്കിംഗ് മൂലം നിരവധി ആളുകളാണ് ദുരിതത്തിലായിരിക്കുന്നത്. ഈ മേഖലയിൽ കാൽനടയാത്രക്കും, സൗന്ദര്യവത്കരണത്തിന്റെ ഭാഗമായും വശങ്ങൾ കോൺക്രീറ്റ് ചെയ്തിട്ടുണ്ടെങ്കിലും കാൽനടക്കാർക്ക് ഇപ്പോഴും ദുരിതങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. വളാഞ്ചേരി റോഡിൽ പൊലീസ് ക്വാട്ടേർസിന് സമീപത്തും പഴയ പോലീസ് സ്റ്റേഷൻ പരിസരത്തും നൂറ് കണക്കിന് തൊണ്ടി വാഹനങ്ങളാണ് കാടുമൂടിക്കിടക്കുന്നത്.
തൊണ്ടിവാഹനങ്ങൾ പൂർണ്ണമായും ഇവിടെ നിന്ന് മാറ്റണം. പല തവണ ആവശ്യപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
നാട്ടുകാർ