മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കോവിഡ് വൈറസ്ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ ജാഗ്രതയും നിരീക്ഷണവും ശക്തമാക്കി. ജില്ലാ മെഡിക്കൽ ഓഫീസിൽ പ്രവർത്തിക്കുന്ന കൺട്രോൾ സെൽ വിവിധ വകുപ്പുകളുമായി ചേർന്നുള്ള മുൻകരുതൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചുവരികയാണ്. രോഗബാധിത പ്രദേശങ്ങളിൽ നിന്നെത്തുന്നവർ നിർബന്ധമായും ജില്ലാതല കൺട്രോൾ സെല്ലുമായി ബന്ധപ്പെടണമെന്ന് ജില്ലാ കലക്ടർ ജാഫർ മലിക് അധ്യക്ഷനായ കോവിഡ് 19 പ്രതിരോധ മുഖ്യ സമിതി ആഹ്വാനം ചെയ്തു. രോഗലക്ഷണങ്ങളില്ലെങ്കിലും വീടുകളിൽ പ്രത്യേക നിരീക്ഷണത്തിൽ തുടരണം. അറബ് രാഷ്ട്രങ്ങളുൾപ്പെടെ രോഗബാധിത പ്രദേശങ്ങളിൽ നിന്നെത്തുന്നവർ പൊതു പരിപാടികളിൽ നിന്നു വിട്ടുനിൽക്കണം.
നിരീക്ഷണത്തിൽ 73 പേർ
ജില്ലയിലിപ്പോൾ 73 പേരാണ് പ്രത്യേക നിരീക്ഷണത്തിലുള്ളത്. 15 പേർ ഐസെലേഷൻ വാർഡിലും 58 പേർ വീടുകളിലുമാണ്. ഇന്നലെ 16 പേർക്കു കൂടി പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. ജില്ലയിൽ ഇതുവരെ നിരീക്ഷണം ഏർപ്പെടുത്തിയത് 564 പേർക്കാണ്. ഇവരിൽ വൈറസ്ബാധയില്ലെന്നു സ്ഥിരീകരിച്ചതിനെ തുടർന്ന് 491 പേരെ നിരീക്ഷണത്തിൽ നിന്ന് ഓഴിവാക്കി.
ആശുപത്രികളിൽ കഴിയുന്നവർക്കും വീടുകളിൽ നിരീക്ഷണത്തിലുള്ളവരുമായി ജില്ലാതല കൺട്രോൾ സെൽ നിരന്തരം ബന്ധപ്പെടുന്നുണ്ട്. രോഗബാധിത രാജ്യങ്ങളിൽ നിന്ന് തിരിച്ചെത്തിയവർ ജില്ലയിലെ കൺട്രോൾ റൂമുമായി 0483 2737858, 0483 2737857 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. dmoesttmlpm@gmail.com എന്ന മെയിൽ വഴിയും സംശയ ദൂരീകരണം നടത്താം.
ജില്ലയിൽ നിന്നു വിദഗ്ധ പരിശോധനക്കയച്ച 76 സാമ്പിളുകളിൽ 58 പേരുടെ ഫലം ലഭിച്ചു. ഇതിലാർക്കും വൈറസ് ബാധയില്ലെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. ഡോ. കെ.സക്കീന, ജില്ലാ മെഡിക്കൽ ഓഫീസർ