പൊന്നാനി: നരണിപ്പുഴയുടെ പ്രതാപം തിരിച്ചുപിടിക്കാൻ ശുചീകരണ യജ്ഞത്തിന് തുടക്കം. 'ഇനി ഞാൻ ഒഴുകട്ടെ' പദ്ധതിയിലുൾപ്പെടുത്തിയാണ് ജനകീയ ശുചീകരണ യജ്ഞം നടത്തുന്നത്. സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കടുത്ത വേനലിലും ജലസമൃദ്ധമായി നിലനിൽക്കുന്ന നരണിപ്പുഴയെ സർക്കാരിന്റെ വിവിധ വകുപ്പുകളെയും ഏജൻസികളെയും ഏകോപിപ്പിച്ചാണ് തിരിച്ചുപിടിക്കാനുള്ള പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. നദിയിലേക്ക് ഒഴുകിയെത്തുന്ന തോടുകളെയും കൈവഴികളെയും പദ്ധതിയുടെ ഭാഗമായി പുനരുജ്ജീവിപ്പിക്കും.
കൃഷി, കുടിവെള്ളം, ടൂറിസം തുടങ്ങിയ ആവശ്യങ്ങൾക്കെല്ലാം സഹായകമാകുന്ന തരത്തിൽ പുഴയുടെ ജല സമൃദ്ധിയെ തിരിച്ചുപിടിച്ച് വരും തലമുറയ്ക്ക് നൽകുകയെന്നതാണ് പുനരുജ്ജീവന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കോൾ പാടങ്ങളിലെ കൃഷിയുടെ ജലസേചനത്തിന് ബുദ്ധിമുട്ടുണ്ടാക്കാന്ന രീതിയിലായിരിക്കും ജലസംരക്ഷണം. വെളിയങ്കോട്, നന്നംമുക്ക് അതിർത്തി പങ്കിട്ട് ചരിത്രത്തിനും സംസ്കാരത്തിനുമൊപ്പം ഒഴുകിയ നരണിപ്പുഴയെ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് തിരിച്ചുപിടിക്കൽ യജ്ഞം നടക്കുന്നത്.വൃഷ്ടിപ്രദേശത്തെ കുന്നിടിക്കലിനെ തുടർന്ന് കൈവഴികൾ ശോഷിച്ചും കഴിഞ്ഞ രണ്ട് പ്രളയമുൾപ്പടെ കാലാകാലങ്ങളിലുള്ള കുത്തൊഴുക്കുകളിൽ ചളിയടിഞ്ഞുകൂടിയും പ്ലാസ്റ്റിക്ക് ഉൾപ്പടെയുള്ള മാലിന്യങ്ങളടിഞ്ഞുകൂടിയും നരണിപുഴ മലിനമാണ്. മലപ്പുറത്തിന്റെ നെല്ലറയായ പൊന്നാനി കോളിലൂടെ ഒഴുകുന്ന ഈ പുഴയെ ജനകീയവും ശാസ്ത്രീയവുമായ കർമ്മ പദ്ധതികളിലൂടെ തിരിച്ച് പിടിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. മൂന്ന് ജില്ലകളിലെ 14 പഞ്ചായത്തുകളിലും രണ്ട് മുനിസിപ്പാലിറ്റികളിലുമായി 4200ഹെക്ടർ ഫ്ളെഡ്പ്ലെയിനും 13,000ഹെക്ടർ വൃഷ്ടിപ്രദേശവുമായാണ് നരണിപ്പുഴ (കാഞ്ഞിരമുക്ക് പുഴ) ഒഴുകുന്നത്. കാഞ്ഞിരമുക്ക് പുഴയെ കേരളത്തിലെ 45ാം മത്തെ നദിയായി പ്രഖ്യാപിച്ച് സമ്പൂർണ്ണ നവീകരണത്തിന് സംയോജിത പദ്ധതി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് സർക്കാരിലേക്ക് സമർപ്പിക്കാനുള്ള വിശദമായ പഠന റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ചു.
കോൾ റിസർച്ച് ആന്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ റിപ്പോർട്ട് തയ്യാറാക്കിയത്. ശുചീകരണ യജ്ഞത്തിൽ സ്പീക്കർക്കൊപ്പം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആറ്റുണ്ണി തങ്ങൾ, ജനപ്രതിനിധികൾ, പുഴ സംരക്ഷണ സമിതി അംഗങ്ങൾ, വിവിധ സംഘടന പ്രവർത്തകർ, രാഷ്ട്രീയ സാംസ്കാരിക നേതാക്കന്മാർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.