മലപ്പുറം: കൊവിഡ് 19 ആഗോളതലത്തിൽ വെല്ലുവിളിയാകുമ്പോൾ മലപ്പുറം ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യങ്ങളില്ല. ജാഗ്രതയാണ് ആവശ്യമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ജില്ലയിൽ നിന്നു വിദഗ്ദ്ധ പരിശോധനയ്ക്കയച്ച 83 സാമ്പിളുകളിൽ 74 പേരുടെ പരിശോധനാഫലങ്ങൾ ലഭിച്ചു. ഇവർക്കാർക്കും രോഗബാധയില്ലെന്നു സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു.
രോഗബാധിത പ്രദേശങ്ങളിൽ നിന്നെത്തുന്നവർ തൊട്ടടുത്ത ആരോഗ്യകേന്ദ്രങ്ങളിലോ ജില്ലാ മെഡിക്കൽ ഓഫീസിലെ കൺട്രോൾ സെല്ലുമായോ ബന്ധപ്പെടണം. ഇക്കാര്യത്തിൽ അനാസ്ഥ പാടില്ലെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക്ക് അറിയിച്ചു.
കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഏർപ്പെടുത്തിയ മുൻകരുതൽ പ്രവർത്തനങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. കെ. മുഹമ്മദ് ഇസ്മയിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നേരിട്ടു സന്ദർശിച്ചു വിലയിരുത്തി.
അന്താരാഷ്ട്ര, ആഭ്യന്തര ടെർമിനലുകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ആരോഗ്യജാഗ്രതാ സംഘത്തിന്റെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. dmoesttmlpm@gmail.com എന്ന മെയിൽ വഴിയും സംശയ ദൂരീകരണം നടത്താം.
നിരീക്ഷണത്തിൽ 101 പേർ
ഇനി ഒമ്പതു സാമ്പിളുകളുടെ രണ്ടു ഘട്ട വിദഗ്ദ്ധ പരിശോധനാ ഫലങ്ങൾ ലഭിക്കാനുണ്ട്.
ഇന്നലെ 28 പേർക്കുകൂടി പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി.
ജില്ലയിലിപ്പോൾ നിരീക്ഷണത്തിലുള്ളത് 101 പേരാണ്. ഇതിൽ 24 പേർ ഐസൊലേഷൻ വാർഡിലും 77 പേർ വീടുകളിലും കഴിയുന്നു.