പെരിന്തൽമണ്ണ:എസ്.എസ്.എൽ.സി പരീക്ഷയെഴുതി ക്ലാസിന് പുറത്തിറങ്ങിയ മങ്കട ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ ഹാറൂൺ കരീമീന്റെ കവിളിലൂടെ ആനന്ദക്കണ്ണീർ ഒഴുകി. വിധിയേകിയ ഇരുട്ടിൽ അവൻ കണ്ട നിറമുള്ള സ്വപ്‌നമായിരുന്നു അത്.
ജന്മനാ കാഴ്ചയില്ലാത്ത ഹാറൂൺ സാധാരണ കുട്ടികൾക്കൊപ്പമാണ് ഇന്നലെ പരീക്ഷയെഴുതിയത്. അതും ലാപ്ടോപ്പിന്റെ സഹായത്തോടെ. ഇത്തരത്തിൽ പരീക്ഷ എഴുതാൻ അനുവാദം ലഭിച്ച ആദ്യ വിദ്യാർത്ഥിയാണ് ഹാറൂൺ.
പരീക്ഷാഹാളിൽ തയ്യാറാക്കിയ കാബിനിൽ സഹായിയായ അദ്ധ്യാപകൻ ചോദ്യപേപ്പർ വായിച്ചുകൊടുക്കുമ്പോൾ ഹാറൂൺ ലാപ്ടോപ്പിൽ ഉത്തരം ടൈപ്പ് ചെയ്യും. ഇത് അവിടെ വച്ചു തന്നെ പ്രിന്റെടുത്ത് മറ്റു കുട്ടികളുടെ ഉത്തരക്കടലാസിന്റെ കൂടെ വച്ചു. മലയാളം ഫസ്റ്റിന് 40 മാർക്കിൽ 39ഉം നേടുമെന്നാണ് ഹാറൂണിന്റെ വിശ്വാസം.
മേലാറ്റൂർ സ്വദേശികളായ അബ്ദുൾ കരീം - സാബിറ ദമ്പതികളുടെ മൂന്നാമത്തെ മകനായ ഹാറൂൺ എട്ടാംതരം വരെ വള്ളിക്കാപ്പറ്റ അന്ധ വിദ്യാലയത്തിലായിരുന്നു. പിന്നീട് മങ്കട എച്ച്.എസ്.എസിൽ സാധാരണ കുട്ടികൾക്കൊപ്പമായി.
ലാപ്‌ടോപ്പിനെ നോട്ട്‌ബുക്കാക്കി. പ്രത്യേക സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ പാഠപുസ്തകങ്ങൾ കേട്ട് പഠിക്കും. പരീക്ഷയ്ക്ക് ഉത്തരങ്ങൾ ലാപ്‌ടോപ്പിൽ ടൈപ്പ് ചെയ്ത് ഉത്തരപേപ്പർ പ്രിന്റെടുത്ത് നൽകും. ഇതുവരെ ബ്രെയ്‌ലി ലിപി ഉപയോഗിച്ചിട്ടില്ല. പരിമിതികൾ ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ മറികടക്കണമെന്നാണ് ഹാറൂണിന്റെ പക്ഷം. എസ്.എസ്.എൽ.സിയും ലാപ്ടോപ്പിൽ എഴുതാൻ അനുവദിക്കണമെന്ന ഹാറൂണിന്റെ അപേക്ഷ ആദ്യം സർക്കാർ തള്ളി. പിന്നീട് സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ വീട്ടിലെത്തി തന്റെ പഠനവും പരീക്ഷ എഴുതുന്ന രീതിയും ഹാറൂൺ ബോദ്ധ്യപ്പെടുത്തി. ഇക്കാര്യം സ്പീക്കർ വിദ്യാഭ്യാസ മന്ത്രിയെ അറിയിച്ചു. പിന്നാലെ മന്ത്രിയെ നേരിൽ കണ്ട ഹാറൂണിനെ കമ്പ്യൂട്ടറിന്റെ സഹായത്തോടെ പരീക്ഷയെഴുതാൻ അനുവദിച്ചു.
അമേരിക്കയിലെ സ്റ്റാൻഫോഡ് സർവകലാശാലയിൽ നിന്ന് സോഫ്റ്റ്‌വെയർ എൻജിനീയറിംഗിൽ ബിരുദമാണ് ഹാറൂണിന്റെ ലക്ഷ്യം.