bhh
.

മലപ്പുറം: പുതുവർഷത്തിലും ലഹരി കേസുകളിൽ കാര്യമായ കുറവില്ല. ജനുവരിയിൽ 46 എൻ.ഡി.പി.എസ് ( നാർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട്‌)​ കേസുകളിലായി 45 പേർ പിടിയിലായി. 71 അബ്‌കാരി കേസുകളിൽ 70 പേരും അറസ്റ്റിലായി. ഡിസംബറിൽ 63 എൻ.ഡി.പി.എസ് കേസുകളിൽ 62 പേരാണ് പിടിയിലായത്. 755 റെയ്ഡുകളാണ് ജനുവരിയിൽ മാത്രം നടത്തിയത്. 7.70 കിലോഗ്രാം കഞ്ചാവും ഒരു കഞ്ചാവുചെടിയും പിടികൂടി. സിന്തറ്റിക് ലഹരിക്ക് ആവശ്യക്കാർ വർദ്ധിക്കുന്നതിന്റെ തെളിവാണ് ഇത്തരത്തിലുള്ള കേസുകളുടെ എണ്ണം വ്യക്തമാക്കുന്നത്. പാർട്ടി ഡ്രഗായി അറിയപ്പെടുന്ന എം.ഡി.എം.എ 13.925 ഗ്രാം പിടികൂടിയിട്ടുണ്ട്. ഉപയോഗിച്ചാൽ അരമണിക്കൂറിനകം ലഹരിയിലെത്തും. മൂന്നു മണിക്കൂർ മുതൽ ആറ് മണിക്കൂർ വരെ ലഹരി നീളുമെന്നതാണ് യുവതലമുറയെ ഇതിലേക്ക് ആകർഷിക്കുന്നത്. കാപ്സ്യൂൾ, പൗഡർ, ക്രിസ്റ്റൽ രൂപങ്ങളിലാണ് ഇതു ലഭിക്കുന്നത്. രക്ത, ഹൃദയ സ്പന്ദനങ്ങൾ അതിവേഗത്തിലുയർന്ന് മരണത്തിലേക്കു വരെ എത്തിക്കാവുന്ന മയക്കുമരുന്നാണിത്. മദ്യത്തിൽ കലർത്തി കഴിക്കുന്നവരുമുണ്ട്. ഡീഹൈഡ്രേഷൻ വർദ്ധിച്ച് മരണസാദ്ധ്യത കൂട്ടുമിത്. തിരിച്ചുവരാൻ ആഗ്രഹിക്കുന്നവർക്ക് മടക്കം എളുപ്പമാവില്ലെന്നും നിരവധി ശാരീരിക, മാനസിക പ്രശ്നങ്ങൾ മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നുണ്ടെന്നും എക്സൈസ് വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ രണ്ടുവർഷത്തിനിടെയാണ് ജില്ലയിൽ എൻ.‌ഡി.പി.എസ് ഉപയോഗം വർദ്ധിച്ചത്. 1.77 ഗ്രാം ഹാഷിഷ് ഓയിൽ, 49.06 ഗ്രാം ബ്രൗൺ ഷുഗർ, ഒരുഗ്രാം ചരസ് എന്നിങ്ങനെ പോവുന്നു പിടികൂടിയ ലഹരികളുടെ കണക്ക്. എന്നിട്ടും കുറയുന്നില്ല സ്‌കൂൾ, കോളേജുകൾ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ ക്ലബ്ബുകളുടെ പ്രവർത്തനം വ്യാപിപ്പിച്ചിട്ടും വിദ്യാലയ പരിസരങ്ങളിൽ നിന്ന് പിടിക്കപ്പെടുന്ന മയക്കുമരുന്ന് കേസുകളിൽ വർദ്ധനവുണ്ടായിട്ടുണ്ട്. സ്‌കൂളുകളിലും കോളേജുകളിലുമായി സംസ്ഥാനത്ത് 1,941 ലഹരി വിരുദ്ധ ക്ലബ്ബുകളുണ്ട്. എക്‌സൈസ് ഉദ്യോഗസ്ഥരുമായി കൈകോർത്താണ് ഇവയുടെ പ്രവർത്തനം. 2019ൽ മാത്രം 226 കേസുകളിൽ 119 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 2018ൽ 114 കേസുകൾ മാത്രമായിരുന്നു. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ബോധവത്കരണങ്ങൾ ശക്തിപ്പെടുത്തുന്നതിന് സിവിൽ എക്‌സൈസ് ഓഫീസർമാർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചുമതല വിഭജിച്ച് നൽകിയിട്ടുണ്ട്. സിന്തറ്റിക് ലഹരിവസ്തുക്കൾ പിടികൂടുക പ്രയാസകരമാണ്. ഒളിപ്പിച്ചു കടത്തുന്നത് അത്ര പെട്ടെന്ന് തിരിച്ചറിയാനാവില്ല. ലഹരിക്കെതിരെ ശക്തമായ നടപടികളുമായാണ് മുന്നോട്ടുപോവുന്നത്. സാം ക്രിസ്റ്റി ‌ഡാനിയേൽ,​ അഡീഷണൽ എക്സൈസ് കമ്മിഷണർ എൻഫോഴ്സ്‌മെന്റ്