തിരൂരങ്ങാടി : പകുതി ഭാഗം ഉയർത്തി ടാർ ചെയ്ത ശേഷം റോഡ് പ്രവൃത്തി നിലച്ചത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. കക്കാട് നിന്നും തിരൂരങ്ങാടി വരെ 500 മീറ്ററോളം ഭാഗം റോഡാണ് ഇത്തരത്തിൽ ടാർ ചെയ്തിട്ടുള്ളത്. ഇതുമൂലം കാൽനടയാത്രക്കാരുൾപ്പെടെയുള്ളവർ തടഞ്ഞു വീഴുന്നതും വാഹനങ്ങൾ അപകടത്തിൽ പെടുന്നതും പതിവാണ്. വാഹനാപകടത്തിൽ പെട്ട് കെ.സി. കുഞ്ഞാലൻ കുട്ടി ഹാജി , പി.എസ്.എം.ഒ കോളേജ് ലക്ചറർ മുനീറ, റിസ്‌വാൻ ടവറിലെ ആമിന എന്നിവർക്കും പരിക്കേറ്റിരുന്നു. സാരമായി പരിക്കേറ്റ ആമിന ഇപ്പോൾ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
റോഡ് പണിയിൽ അഴിമതിയുണ്ടെന്നും സർവേ പൂർത്തീകരിക്കാതെയാണ് പ്രവൃത്തി ആരംഭിച്ചതെന്നും ആരോപിച്ച് വിവിധ സംഘടനകൾ രംഗത്തെത്തിയിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ റോഡു പണി നിറുത്തി.
അപകടം പതിവായതോടെ പി.ഡബ്ള്യു.ഡി അധികൃതരെ നാട്ടുകാർ വിവരമറിയിച്ചെങ്കിലും തങ്ങൾക്ക് ഒന്നും ചെയ്യാനാവില്ലെന്നായിരുന്നു മറുപടി.
സംഭവത്തിൽ തിരൂരങ്ങാടി താലൂക്ക് കൺസ്യൂമർ പ്രൊട്ടക്‌ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനറൽ സെക്രട്ടറി ടി.ടി. അബ്ദുൾ റഷീദ് ഗതാഗത മന്ത്രിക്കും ജില്ല കളക്ടർക്കും പരാതി നൽകിയിട്ടുണ്ട്. പ്രശ്നം ഉടൻ പരിഹരിക്കാത്തപക്ഷം നിയമ നടപടിയുമായി നീങ്ങുമെന്ന് കമ്മിറ്റി അറിയിച്ചു.