covid
​കോ​വി​ഡ് 19​ ​പ്ര​തി​രോ​ധ​ ​ജി​ല്ലാ​ത​ല​ ​മു​ഖ്യ​സ​മി​തി​ ​അ​വ​ലോ​ക​ന​ ​യോ​ഗ​ത്തി​ൽ​ ​ക​ള​ക്ട​ർ സംസാരിക്കുന്നു

മലപ്പുറം: കോവിഡ് 19 വൈറസ് മുൻകരുതൽ പ്രവർത്തനങ്ങളുടെ ഭാഗമായി രോഗബാധിത പ്രദേശങ്ങളിൽ നിന്നെത്തുന്നവരെ ജില്ലയിൽ ജനകീയ ദ്രുത കർമ്മ സംഘങ്ങൾ നിരീക്ഷിക്കും. വാർഡ് അടിസ്ഥാനത്തിലും ബ്ലോക്കുകളിലും ജില്ലാതലത്തിലും പ്രത്യേക സംഘങ്ങൾ രൂപീകരിക്കുമെന്ന് ജില്ലാ കളക്ടർ ജാഫർ മലിക് അറിയിച്ചു. വാർഡ് അംഗങ്ങളുടെ നേതൃത്വത്തിൽ ആശ, കുടുംബശ്രീ, അങ്കണവാടി പ്രവർത്തകരും യുവജന കൂട്ടായ്മകളും ബന്ധപ്പെട്ട പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർമാരുമാണ് സംഘത്തിലുണ്ടാവുക. തിരിച്ചെത്തുന്നവരുടെ വിവരങ്ങൾ ജില്ലാതല കൺട്രോൾ സെല്ലിൽ നിന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കു നൽകി വാർഡ് അംഗങ്ങൾക്കു കൈമാറും. ഇങ്ങനെ എത്തുന്നവർ പൊതു സമ്പർക്കമില്ലാതെ വീടുകളിൽ 14 ദിവസത്തെ പ്രത്യേക നിരീക്ഷണം പാലിക്കുന്നുണ്ടെന്ന് സംഘം ഉറപ്പുവരുത്തണം. പ്രത്യേക നിരീക്ഷണത്തിന്റെ ആവശ്യകത നിരീക്ഷണത്തിലുള്ളവരെ ബോധ്യപ്പെടുത്തും. ആരോഗ്യ ജാഗ്രതാ നിർദേശങ്ങൾ ലംഘിക്കുന്നവരുടെ വിവരങ്ങൾ പൊലീസിനു കൈമാറണം. വൈറസ് ബാധിത പ്രദേശങ്ങളിൽ നിന്നെത്തുന്നവരെ നിരീക്ഷിക്കാൻ ജില്ലയിൽ മൂന്ന് കോവിഡ് കെയർ സെന്ററുകൾ സജ്ജമാക്കിയതായും കോവിഡ് 19 പ്രതിരോധ ജില്ലാതല മുഖ്യസമിതി അവലോകന യോഗത്തിൽ ജില്ലാ കളക്ടർ പറഞ്ഞു. ജില്ലയിൽ താമസിക്കാൻ സംവിധാനമില്ലാത്ത വിദേശ പൗരന്മാർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്കും കോവിഡ് കെയർ സെന്ററുകളിൽ 14 ദിവസത്തെ നിരീക്ഷണം ഉറപ്പാക്കും. ആരോഗ്യ സംഘത്തിന്റെ സേവനവും ഈ കേന്ദ്രങ്ങളിൽ ഉറപ്പു വരുത്തിയിട്ടുണ്ട്. രോഗ ലക്ഷണങ്ങളുള്ള വിദേശ പൗരന്മാരടക്കമുള്ളവരെ ആശുപത്രികളിലെ ഐസൊലേഷൻ വാർഡുകളിലേക്കു മാറ്റും.

വിദേശികളുടെ വിവരമറിയിക്കണം ജില്ലയിൽ ആയുർവേദ കേന്ദ്രങ്ങൾ, ഉഴിച്ചിൽ കേന്ദ്രങ്ങൾ, റിസോർട്ടുകൾ, ധ്യാന കേന്ദ്രങ്ങൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലെത്തുന്ന വിദേശ പൗരന്മാരുടെ വിവരങ്ങൾ നിർബന്ധമായും ജില്ലാതല കൺട്രോൾ സെല്ലിൽ അറിയിക്കണം. വിദേശ പൗരന്മാർ താമസിക്കുന്നുണ്ടെങ്കിൽ അവർക്ക് 14 ദിവസത്തെ നിരീക്ഷണം സ്ഥാപന ഉടമകൾ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് ഒരുക്കണം. പൊതു സമ്പർക്കമില്ലെന്നു ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്തവും സ്ഥാപന ഉടമകൾക്കും നടത്തിപ്പുകാർക്കുമാണ്. ഇതിൽ വീഴ്ചയുണ്ടായാൽ നിയമ നടപടികളുണ്ടാവും. നാടുകാണി ചുരത്തിലെ ജില്ലാ അതിർത്തിയിൽ വാഹന യാത്രക്കാർക്കായി ആരംഭിച്ച ആരോഗ്യ പരിശോധന ഫലപ്രദമാണെന്നു യോഗം വിലയിരുത്തി. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർ ആരോഗ്യ പ്രവർത്തകരുമായി സഹകരിക്കുന്നുണ്ട്. കൂടുതൽ യാത്രക്കാരെത്തുന്ന ബസ് സ്റ്റാന്റുകളിലും റെയിൽവെ സ്റ്റേഷനുകളിലും പ്രത്യേക നിരീക്ഷണത്തിനു സംവിധാനം ഒരുക്കും. ജനകീയ പങ്കാളിത്തത്തോടെയുള്ള ബോധവത്ക്കരണവും ഇവിടെയുണ്ടാവും. ജില്ലാ പൊലീസ് മേധാവി യു. അബ്ദുൾ കരീം, എ.ഡി.എം. എൻ.എം. മെഹറലി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ പി.എൻ. പുരുഷോത്തമൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. കെ. മുഹമ്മദ് ഇസ്മയിൽ, എൻ.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എ. ഷിബുലാൽ തുടങ്ങിയവർ അവലോകന യോഗത്തിൽ പങ്കെടുത്തു.