മലപ്പുറം: ജില്ലയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ട രണ്ടു പേരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ കളക്ടർ ജാഫർ മാലിക് അറിയിച്ചു. ജിദ്ദയിൽ നിന്നെത്തിയ രണ്ടു സ്ത്രീകൾക്കാണ് വൈറസ് ബാധ. ഇരുവരും മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രത്യേക നിരീക്ഷണത്തിലാണ്. മാർച്ച് ഒമ്പതിന് ജിദ്ദയിൽ നിന്നു എയർഇന്ത്യയുടെ 960 നമ്പർ വിമാനത്തിൽ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ വണ്ടൂർ വാണിയമ്പലം സ്വദേശിനിക്കും മാർച്ച് 12ന് എയർഇന്ത്യയുടെ 964 നമ്പർ വിമാനത്തിൽ നെടുമ്പാശ്ശേരിയിലെത്തിയ അരീക്കോട് ചെമ്രക്കാട്ടൂർ സ്വദേശിനിക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ വിമാനങ്ങളിലെത്തിയ യാത്രക്കാരും വൈറസ്ബാധ സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിലേർപ്പെട്ടവരും ജില്ലാതല കൺട്രോൾ സെല്ലുമായി ബന്ധപ്പെടണം. വണ്ടൂർ വാണിയമ്പലം സ്വദേശിനി മാർച്ച് ഒമ്പതിന് രാവിലെ 7.30നാണ് കരിപ്പൂർ വിമാനത്താവളത്തിലെത്തിയത്. ഇവിടെ സ്വീകരിക്കാനെത്തിയവർക്കൊപ്പം 10 അംഗ സംഘമായി വാഹനത്തിൽ 10.45ന് ഷാപ്പിൻകുന്നിലെ ബന്ധുവീടിനടുത്തെത്തി. നാലു ബന്ധുക്കളുമായി സമ്പർക്കം പുലർത്തിയ ശേഷം ഉച്ചയ്ക്ക് 12ന് മാട്ടക്കുളത്തെ തറവാട് വീട്ടിൽ സന്ദർശനം നടത്തി. തുടർന്ന് ശാന്തി നഗറിലെ ബന്ധുവീട് സന്ദർശിച്ച ശേഷം വൈകിട്ട് നാലിനാണ് വണ്ടൂർ വാണിയമ്പലത്തെ വീട്ടിലെത്തിയത്. മാർച്ച് 12ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ അരീക്കോട് സ്വദേശിനി രാവിലെ 7.30ന് വിമാനത്താവളത്തിലെത്തി. ബെൻസി ട്രാവൽസിന്റെ ബസിൽ 40 പേർക്കൊപ്പം യാത്ര ചെയ്ത് ഉച്ചയ്ക്ക് 2.30ന് കരിപ്പൂർ ഹജ്ജ് ഹൗസിനടുത്തുള്ള ബസ് സ്റ്റോപ്പിലിറങ്ങി. തുടർന്ന് സ്വന്തം കാറിൽ യാത്ര ചെയ്താണ് അരീക്കോട് ചെമ്രക്കാട്ടൂരിലെ വീട്ടിലെത്തിയത്. രോഗലക്ഷണങ്ങൾ കണ്ടതോടെ ഇരുവരും മാർച്ച് 13ന് മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. ഇവർ ഐസൊലേഷൻ വാർഡിൽ പ്രത്യേക നിരീക്ഷണത്തിൽ തുടരുകയാണ്. വൈറസ് ബാധ സ്ഥിരീകരിച്ചയുടൻ ജില്ലാ കളക്ടർ ജാഫർ മാലികിന്റെ നേതൃത്വത്തിൽ ജില്ലാതല മുഖ്യ സമിതി പ്രത്യേക യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ഉംറ തീർത്ഥാടനത്തിനു ശേഷം മടങ്ങിയ ഇരുവരും നേരിട്ടു ബന്ധപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിക്കാൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ ആരോഗ്യസ്ഥിതി നിരീക്ഷിച്ചു വരികയാണെന്നും കൂടുതൽ പേരിലേക്കു വൈറസ് പടരാതിരിക്കാനുള്ള നടപടികൾ ഊർജ്ജിതമായി പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.