നിലമ്പൂർ: മൂത്തേടം ബാലംകുളം ചോളമുണ്ടയിലെ കൃഷിയിടത്തിലുണ്ടായ തീപിടിത്തം അണയ്ക്കുന്നതിനിടെ വൃദ്ധൻ പൊള്ളലേറ്റ് മരിച്ചു. ചോളമുണ്ട പൊറ്റയിൽ അലവിണ്ണി (80) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെ ഉണ്ടായ തീപിടിത്തത്തിൽ ആറേക്കറോളം സ്ഥലത്തെ കൃഷി പൂർണമായും നശിച്ചു. തീ പടരുന്നത് സമീപവാസിയാണ് നാട്ടുകാരെ അറിയിച്ചത്. അഗ്നിശമന സേനയുടെ രണ്ട് വാഹനങ്ങളും നാട്ടുകാരും ഏറെ പരിശ്രമിച്ചാണ് തീയണച്ചത്. ഇതിനിടെയാണ് അലവിണ്ണിയെ ഇയാൾ താമസിക്കുന്ന ഷെഡിന്റെ 100 മീറ്റർ അകലെ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടത്. ഇതിന് സമീപം കന്നുകാലികളെ കെട്ടിയിരുന്നു. കയർ തീയിൽ കരിഞ്ഞതോടെ ഇവ രക്ഷപ്പെട്ടു.
പരേതനായ പൊറ്റങ്ങൽ അലവി, ഉള്ളാട്ടിൽ ശോഭന, പൊത്തംകോടൻ പാത്തുമ്മ, അലവി കലക്കപാറ എന്നിവരുടെയും കാരപ്പുറം മദ്രസയുടെയും ഉടമസ്ഥതയിലുള്ള കൃഷിയിടങ്ങളാണ് കത്തിനശിച്ചത്. വർഷങ്ങളായി കൃഷിയിൽ സജീവമായ അലവിണ്ണി സ്ഥലത്തോട് ചേർന്ന പഴയ ഷെഡിലാണ് താമസിക്കുന്നത്. തീപിടിത്തത്തിന് അരമണിക്കൂർ മുമ്പ് അലവിണ്ണിയെ കൃഷിയിടത്തിൽ കണ്ടിരുന്നതായി സമീപവാസികൾ പറയുന്നു.
അലവിണ്ണിയുടെ ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദ്, മൂസ, കരീം, ഷംസുദ്ദീൻ, സിദ്ദിഖ്. മരുമക്കൾ: സെലീന, മൊഹസീന, സെമിന. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.