മലപ്പുറം: ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്തി പ്രത്യേക നിരീക്ഷണം ഉറപ്പാക്കുന്ന നടപടികൾ പുരോഗമിക്കുന്നു. 3,137 പേർക്കാണ് ഇത്തരത്തിൽ നിരീക്ഷണം ഏർപ്പെടുത്തിയതെന്ന് ജില്ലാ കളക്ടർ ജാഫർ മലിക് അറിയിച്ചു. വണ്ടൂർ വാണിയമ്പലം സ്വദേശിനിയുമായി നേരിട്ടു സമ്പർക്കം പുലർത്തിയ 200 പേരും അരീക്കോട് ചെമ്രക്കാട്ടൂർ സ്വദേശിനിയുമായി നേരിട്ടു സമ്പർക്കമുണ്ടായ 121 പേരും പ്രത്യേക നിരീക്ഷണത്തിലാണ്. നേരിട്ടു സമ്പർക്കം പുലർത്തിയവരുമായി ഇടപഴകിയ 2,816 പേർക്കും വീടുകളിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.
ജില്ലയിൽ നിന്ന് പരിശോധനക്കയച്ച 241 സാമ്പിളുകളിൽ 218 പേരുടെ ഫലം ലഭിച്ചതിൽ രണ്ടുപേർക്കു മാത്രമാണ് ഇതുവരെ വൈറസ്ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന രണ്ടുപേരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാതല മുഖ്യ സമിതി അവലോകന യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന വ്യക്തമാക്കി. 1,662 പേർക്ക് ഇന്നലെ മുതൽ പുതുതായി നിരീക്ഷണം ഏർപ്പെടുത്തി. ഇതോടെ ജില്ലയിൽ ഇപ്പോൾ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 3,875 ആയി. 13 പേരാണ് ഐസൊലേഷൻ വാർഡുകളിലുള്ളത്. മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എട്ടുപേരും തിരൂർ ജില്ലാ ആശുപത്രിയിൽ മൂന്നുപേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ രണ്ടുപേരും ഐസൊലേഷൻ വാർഡുകളിൽ കഴിയുന്നു. അഞ്ചുപേർ കോവിഡ് കെയർ സെന്ററിലും 3,862 പേർ വീടുകളിൽ സ്വയം നിരീക്ഷണത്തിലുമാണ്. പ്രത്യേക നിരീക്ഷണത്തിലുള്ളവർക്ക് മാനസിക പിന്തുണയും ജില്ലാതല കൺട്രോൾ സെല്ലിൽ നിന്നു നൽകുന്നുണ്ട്. 1,081 പേർക്കാണ് ഫോൺ വഴിയുള്ള കൗൺസലിങ് നൽകിയത്. തുടർ സേവനം ആവശ്യമുള്ള 46 പേരുമായി വിദഗ്ധ സംഘം നിരന്തരം ബന്ധപ്പെടുന്നുണ്ട്.
ജില്ലയിൽ കോവിഡ് 19 മുൻകരുതൽ പ്രവർത്തനങ്ങൾ ഊർജ്ജിതമായി പുരോഗമിക്കുകയാണെന്ന് ജില്ലാ കലക്ടർ വ്യക്തമാക്കി.
വാർഡ് തലങ്ങളിൽവരെ രൂപീകരിച്ച ജനകീയ ദ്രുത കർമ്മ സംഘങ്ങൾ രോഗബാധിത പ്രദേശങ്ങളിൽ നിന്നെത്തിയവരുടേയും വൈറസ്ബാധിതരുമായി സമ്പർക്കം പുലർത്തിയവരുടേയും വീടുകളിലെ നിരീക്ഷണം ഉറപ്പാക്കുന്നുണ്ട്. വിമാനത്താവളങ്ങളിൽ നിന്നും റെയിൽവെ സ്‌റ്റേഷനുകളിൽ നിന്നും ജില്ലാ അതിർത്തിയിലടക്കം റോഡുകളിൽ നിന്നും പ്രത്യേക സംഘങ്ങൾ ശേഖരിക്കുന്ന, നിരീക്ഷണം ആവശ്യമായവരുടെ വിവരങ്ങൾ ദ്രുത കർമ്മ സംഘങ്ങൾക്ക് ലഭ്യമാക്കിയാണ് ആരോഗ്യ ജാഗ്രത ഉറപ്പാക്കുന്നത്. ആരോഗ്യ ജാഗ്രതാ നിർദേശങ്ങൾ ലംഘിക്കുന്നതു കണ്ടെത്താൻ ജനമൈത്രി പൊലീസും പ്രാദേശികമായുള്ള പരിശോധന ശക്തമാക്കിയതായി ജില്ലാ പൊലീസ് മേധാവി യു. അബ്ദുൾ കരീം പറഞ്ഞു.
ആരോഗ്യ ജാഗ്രതാ ഉറപ്പാക്കാൻ 2,258 ഫീൽഡ് സ്‌ക്വാഡുകളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്. 6,750 സന്നദ്ധ പ്രവർത്തകരും സേവനനിരതരാണ്. സ്‌ക്വാഡുകൾ ഇന്നലെ 305 വീടുകൾ സന്ദർശിച്ച് നിരീക്ഷണത്തിലുള്ളവർക്ക് ആവശ്യമായ വിവരങ്ങൾ കൈമാറി. ഇവർ പൊതു സമ്പർക്കത്തിലേർപ്പെടുന്നുണ്ടോയെന്നും സംഘം നിരീക്ഷിച്ചു വരികയാണ്. ജില്ലാതല കൺട്രോൾ സെല്ലിൽ ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ 18 സംഘങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കുന്നു. ഡോക്ടർമാരുൾപ്പെടെ ജില്ലയിലെ മുഴുവൻ ആരോഗ്യ പ്രവർത്തകരേയും ഉൾപ്പെടുത്തിയാണ് കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. എ.ഡി.എം. എൻ.എം. മെഹറലി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ പി.എൻ പുരുഷോത്തമൻ, മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. കെ. നന്ദകുമാർ, എൻ.എച്ച്.എം. പ്രോഗ്രാം മാനേജർ ഡോ. എ. ഷിബുലാൽ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജി. ബിൻസിലാൽ തുടങ്ങിയവരും ജില്ലാതല മുഖ്യ സമിതി അവലോകന യോഗത്തിൽ പങ്കെടുത്തു.