covid
കോവിഡ്

മലപ്പുറം: കോവിഡ് 19 ലക്ഷണങ്ങളുള്ളവരെ കിടത്തി ചികിത്സിക്കാൻ ജില്ലയിൽ രണ്ട് ഐസൊലേഷൻ വാർഡുകൾകൂടി സജ്ജമാക്കിയതായി ജില്ലാ കലക്ടർ ജാഫർ മലിക് അറിയിച്ചു. നിലമ്പൂർ, പെരിന്തൽമണ്ണ ജില്ലാ ആശുപത്രികളിൽ കൂടിയാണ് സൗകര്യം ഏർപ്പെടുത്തിയത്. മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും തിരൂർ ജില്ലാ ആശുപത്രിയിലും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലുമാണ് നേരത്തെ ഐസൊലേഷൻ വാർഡുകൾ ഉണ്ടായിരുന്നത്.
മഞ്ചേരിയിൽ 42, തിരൂരിൽ 10, തിരൂരങ്ങാടിയിൽ എട്ട്, നിലമ്പൂരിൽ 15, പെരിന്തൽമണ്ണയിൽ ഒമ്പത് എന്നിങ്ങനെയാണ് ഐസൊലേഷൻ വാർഡുകളിൽ സജ്ജമാക്കിയിരിക്കുന്ന മുറികൾ. ഇവിടെ രോഗ ലക്ഷണങ്ങളുള്ളവരെ പരിചരിക്കാൻ ആവശ്യമായ സംവിധാനങ്ങളും പ്രത്യേക പരിശീലനം ലഭിച്ച ഡോക്ടർമാരുൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. ആവശ്യമായ ഘട്ടങ്ങളിൽ കൂടുതൽ ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു.
കോവിഡ് 19 ബാധിത പ്രദേശങ്ങളിൽ നിന്നെത്തുന്നവർക്ക് സ്വയം നിരീക്ഷണത്തിൽ കഴിയാൻ മൂന്ന് കോവിഡ് കെയർ സെന്ററുകൾ സജ്ജീകരിച്ചതായും ജില്ലാ കളക്ടർ പറഞ്ഞു. വിദേശ രാജ്യങ്ങൾ, ഇതര സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്നെത്തുന്ന ജില്ലയിൽ താമസത്തിനു സൗകര്യങ്ങളില്ലാത്തവർക്ക് ഈ കേന്ദ്രങ്ങളിൽ സ്വയം നിരീക്ഷണത്തിൽ കഴിയാം. ആരോഗ്യ സംഘത്തിന്റെയും സ്‌ക്വാഡുകളുടേയും സേവനം കോവിഡ് കെയർ സെന്ററുകളിൽ ഉണ്ടാവും. ഇവിടെ കഴിയുന്നവർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ആശുപത്രികളിലെ ഐസൊലേഷൻ വാർഡുകളിലേക്കു മാറ്റും. ഇതിന് ആമ്പുലൻസ് സൗകര്യവും ഉറപ്പാക്കിയിട്ടുണ്ട്.