veg
പച്ചക്കറി

നിലമ്പൂർ: കൊറോണ വ്യാപനത്തിന്റെ ഭീതിയിൽ തമിഴ്നാട്‌ കേരള അതിർത്തി അടച്ചെന്ന വാർത്തയെ തുടർന്ന് പൊതുജനം സാധനങ്ങൾ ശേഖരിക്കുന്ന തിരക്കിൽ. വെള്ളിയാഴ്ചയാണ് നാടുകാണി ചുരം വഴിയുള്ള തമിഴ്നാട്‌ കേരള അതിർത്തി അടച്ചെന്ന വാർത്ത പരന്നത്. ഇതിനെ തുടർന്ന് മേഖലയിലെ അതിർത്തി ഗ്രാമങ്ങളിലെല്ലാം സാധനങ്ങൾ ശേഖരിക്കുന്ന തിരക്കിലായിരുന്ന പൊതുജനം. പച്ചക്കറി കടകളിൽ പലസ്ഥലങ്ങളിലും വൈകുന്നേരമായതോടെ പലതും തിർന്നു. എന്നാൽ പച്ചക്കറിയുൾപ്പെടെയുള്ള അത്യാവശ്യസാധനങ്ങൾക്ക് വലിയതോതിൽ വില കൂടിയില്ല എന്നത് ആശ്വാസമായി. പലരും അരിയടക്കമുള്ള സാധനങ്ങളാണ് ശേഖരിച്ചുവെക്കുന്നത്. ഓരോ ദിവസവും കൊറോണ ബാധിതരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിലാണ് ജനങ്ങൾ ഭീതിയിലായത്. അതിനിടെ കോയമ്പത്തൂർ കേരള അതിർത്തി അടച്ചെന്ന വാർത്തയും പരന്നിരുന്നു.

ചരക്കുവണ്ടികൾ പതിവുപോലെ

നാടുകാണി ചുരം വഴി കേരളത്തിലേക്ക് തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്ന് വലിയതോതിലാണ് ചരക്ക് വണ്ടികൾ എത്തുന്നത്. കേരളത്തിലേയും തമിഴ്നാട്ടിലേയും അതിർത്തി ചെക്ക് പോസ്റ്റുകളിൽ പരിശോധന കർശനമായതോടെ അനാവശ്യമായി വാഹനങ്ങളുടെ വരവിന് നിയന്ത്രണമുണ്ടായതാണ് പെട്ടെന്നുള്ള പ്രതിസന്ധിക്ക് കാരണമായത്. അതേ സമയം ഇതേ അവസ്ഥ തുടർന്നാൽ കുറച്ചു കഴിയുമ്പോൾ കടകളടക്കമുള്ളവ അടച്ചിടേണ്ടിവരുമോ എന്ന ആശങ്കയും സാധാരണക്കാർക്കില്ലാതില്ല. പെട്ടെന്ന് സാധനങ്ങൾക്ക് അമിത ആവശ്യക്കാരുണ്ടായത് ഇതിനെ തുടർന്നാണ്.

ആശ്രയം ഇതരസംസ്ഥാനങ്ങൾ

 പച്ചക്കറിയടക്കമുള്ള സാധനങ്ങൾ നാടുകാണി ചുരം വഴിയാണ് ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലേക്കെത്തുന്നത്.

 ഊട്ടി, കുനൂർ, മൈസൂരു, ബെങ്കളൂരു, ഗുണ്ടൽപേട്ട എന്നിവിടങ്ങളിൽ നിന്നും കർണാടകയുടെ ഉൾപ്രദേശങ്ങളിൽ നിന്നും വൻതോതിലാണ് ജില്ലയിലേക്ക് പച്ചക്കറികളെത്തുന്നത്.
 അരി, ശർക്കര, പഞ്ചാസാര, സിമെന്റ്, തുണികൾ, മറ്റു പലവ്യഞ്ജന സാധനങ്ങൾ തുടങ്ങി അത്യാവശ്യ വസ്തുക്കളും ഈ വഴി എത്തുന്നുണ്ട്.

 സാധാരണഗതിയിൽ രണ്ടായിരത്തോളം വാഹനങ്ങളാണ് ദിവസേന നാടുകാണി ചുരത്തിലൂടെ എത്തുന്നത്.