kseb
മീറ്റർ റീഡർ

പെരിന്തൽമണ്ണ: കൊറോണ ഭീഷണി മൂലം ജനം സുരക്ഷിതം കണക്കിലെടുത്ത് പുറത്തിറങ്ങാൻ പോലും മടിക്കുമ്പോൾ ജോലിയിൽ സുരക്ഷയില്ലാതെ കെ.എസ്.ഇ.ബി മീറ്റർ റീഡർമാർ. ഓഫീസുകൾക്ക് സർക്കാർ നിയന്ത്രിത അവധി പ്രഖ്യാപിച്ചിട്ടുണ്ടങ്കിലും കെ.എസ്.ഇ.ബിയിൽ പൊതുജനങ്ങളുമായി നേരിട്ട് ഇടപെടുന്ന മീറ്റർ റീഡർമാരുടെ ജോലി സുരക്ഷിതത്വം ഉറപ്പ് വരുത്താൻ അധികൃതർ ഇടപെടുന്നില്ല. ദിവസവും 60 മുതൽ 100 വരെ വീടുകളിൽ നേരിട്ട് എത്തുന്ന ജിവനക്കാരാണ് മീറ്റർ റീഡർമാർ. ജനങ്ങളുമായി നേരിട്ട് ഇടപെടുന്ന ഈ ജീവനക്കാർ വഴി രോഗം പടർന്ന് പിടിക്കാനുള്ള സാധ്യതയും ഏറെയാണ്. വിദേശങ്ങളിൽ നിന്ന് വന്ന് ആരോഗ്യവകുപ്പിന്റെ കർശന നിരീക്ഷണത്തിൽ ഹോം കൊറന്റൈൽ കഴിയുന്ന വീടുകളിൽ പോലും യാതൊരു സുരക്ഷ മുൻകരുതലും സ്വീകരിക്കാതെയാണ് ഈ ജീവനക്കാർ എത്തുന്നത്. ഇത് സ്ഥിതി ഗുരുതരമാക്കാൻ ഇടയാവുന്നു. വീടിന് അകത്ത് സ്ഥാപിച്ചിട്ടുള്ള മീറ്ററുകളുടേയും റീഡിംഗ് എടുക്കണമെന്നത് കൊണ്ട് പ്രശ്നം കൂടുതൽ സങ്കീർണ്ണമാക്കുന്നു. വീട്ടുകാർ നിരീക്ഷണത്തിലാണോ എന്നറിയാൻ യാതൊരു മാർഗവുമില്ലാത്തതിനാൽ എല്ലാ വീടുകളിലും മീറ്റർ റീഡർമാർക്ക് കയറേണ്ടി വരുന്നു. ഓരോ ദിവസവും, നൂറ് കണക്കിന് ആളുകളുമായി ഇടപെട്ട് ഓഫീസിൽ എത്തുന്ന മീറ്റർ റീഡർമാർ ഓഫീസിലെ മറ്റ് ജീവനക്കാരുമായി അടുത്ത് ഇടപഴകുന്നതും രോഗം പടരാൻ കാരണമാകും. റീഡിംഗ് എടുക്കാൻ കഴിയാത്ത സാഹചര്യം വന്നാൽ ബദൽ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ കെ.എസ്.ഇ.ബിക്ക് കഴിയുമെന്നിരിക്കെ അധികൃതർ സ്വീകരിക്കുന്ന നിലപാട് വലിയ വിപത്തിലേക്കാണ് കൊണ്ടെത്തിക്കുക. ഒരു മാസം ശരാശരി ബില്ല് ചെയ്യുകയും, ബില്ല് തുക കൺസ്യൂമറെ ഫോണിലൂടെ അറിയിക്കാനുള്ള സാഹചര്യങ്ങളും നിലനിൽക്കുമ്പോഴാണ് നിരുത്തവാദപരമായ ഇത്തരം സമീപനങ്ങൾ ബോർഡ് അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നതെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.