arrest

മലപ്പുറം: നിലമ്പൂരിൽ നിന്ന് ഉത്തരേന്ത്യയിലേക്ക് ട്രെയിനുണ്ടെന്ന വ്യാജസന്ദേശം പ്രചരിപ്പിച്ച കേസിൽ മലപ്പുറം എടവണ്ണയിലെ യൂത്ത്‌ കോൺഗ്രസ് പ്രാദേശിക നേതാക്കൾ അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് എടവണ്ണ മുൻ മണ്ഡലം സെക്രട്ടറി സാക്കിർ തുവ്വക്കാട്(32), മുൻ മണ്ഡലം പ്രസിഡന്റ് ഷെരീഫ്(36) എന്നിവരെയാണ് എടവണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്.

വ്യാജ പ്രചാരണം നടത്തി അന്യസംസ്ഥാന തൊഴിലാളികളെ കബളിപ്പിച്ചതിന് ഇരുവർക്കുമെതിരെ കേസെടുത്തതായി എടവണ്ണ എസ്.ഐ. വി. വിജയരാജൻ പറഞ്ഞു. മലപ്പുറം മേഖലയിലെ അന്യസംസ്ഥാന തൊഴിലാളികളുടെ ഫോണിലേയ്ക്കാണ് നാട്ടിൽ പോകാൻ മമതാ ബാനർജി അയച്ച ട്രെയിൻ ഉടൻ എത്തുമെന്ന് വ്യാജ സന്ദേശം അയച്ചത്. ശബ്ദസന്ദേശമാണ് വാട്സ് ആപ്പിലൂടെ പലരും പങ്കുവച്ചത്. സന്ദേശം വ്യാപിച്ചതോടെ പൊലീസ് അന്വേഷണത്തിൽ സാക്കിറിന്റെ ശബ്ദമാണെന്ന് കണ്ടെത്തി. സന്ദേശം തയ്യാറാക്കി അയയ്ക്കാൻ നിർദ്ദേശിച്ചത് ഷെരീഫാണെന്ന് സാക്കിർ പൊലീസിന് മൊഴി നൽകി. ഷെരീഫ് ആദ്യം ഇക്കാര്യം നിഷേധിച്ചെങ്കിലും പിന്നീട് സമ്മതിച്ചു.

അതേ സമയം, സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിക്കാതെയാണ് പ്രവർത്തകരെ അറസ്റ്റ് ചെയ്തതെന്നാരോപിച്ച് യൂത്ത്‌ കോൺഗ്രസ് രംഗത്തെത്തി. സന്ദേശം എഡിറ്റ് ചെയ്ത് പ്രചാരണം നടത്തിയവരെയാണ് അറസ്റ്റ് ചെയ്യേണ്ടതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി പറഞ്ഞു.