pathir-vanibham
ചാലശ്ശേരി മുലയംപറമ്പ് ഭഗവതിക്ഷേത്ര പരിസരത്തു നടന്ന പതിർവാണിഭത്തിൽ നിന്ന്‌

പള്ളിപ്പുറം: കാർഷിക സമൃദ്ധിയുടെ ഓർമ്മയും പഴമയുടെ പെരുമയും വിളച്ചോതി ചാലശ്ശേരി മുലയംപറമ്പ് ഭഗവതിക്ഷേത്ര പരിസരത്ത് 'പതിർവാണിഭം' നടന്നു. ശനിയാഴ്ച വൈകീട്ട് ആരംഭിച്ച കച്ചവടം ഞായറാഴ്ച പുലർച്ചെവരെ തുടർന്നു. ഉപ്പുമുതൽ കർപ്പൂരം വരെയുള്ള സാധനങ്ങൾ ലഭ്യമായിരുന്നു. ഉണക്കമത്സ്യമാണ് വാണിഭത്തിലെ പ്രധാന ഇനം. ഇതിനുപുറമേ പച്ചമത്സ്യവും വില്പനയ്ക്കുണ്ടായിരുന്നു.

ആദ്യകാലങ്ങളിൽ കൊയ്ത്തുകഴിഞ്ഞാൽ ജന്മിയിൽനിന്ന് കൂലിയായി കിട്ടുന്ന നെല്ലിന്റെ പതിരുകൊടുത്താണ് ഉണക്കമത്സ്യം വാങ്ങിയിരുന്നത്. അങ്ങനെയാണ് പതിരുവാണിഭമെന്ന പേരുവന്നത്.
പതിർ വാണിഭത്തിൽ കൊമ്പൻസ്രാവ് മുതൽ നാട്ടിൻപുറത്ത് കാണുന്ന വരാൽവരെ വില്പനയ്ക്കുണ്ടായിരുന്നു. മത്സ്യത്തിനു പുറമേ വിവിധതരം മൺപാത്രങ്ങൾ, പഴവർഗങ്ങൾ, കത്തികൾ, മുറം, കൈക്കോട്ടുതായ, കയറുകൾ, പച്ചക്കറിവിത്തുകൾ, പായകൾ, ചൂൽ, പച്ചക്കറി എന്നിവയടക്കമുള്ള വസ്തുക്കളും വിപണനത്തിനെത്തി. രാത്രികാലങ്ങളിൽ വിളക്കിന്റെ വെളിച്ചത്തിൽ ഭാവി, ഭൂതം, വർത്തമാനം പറയുന്ന തത്തകളുമായി എത്തിയ കാക്കാത്തിക്കൂട്ടങ്ങളും പൂരപ്പറമ്പിൽ കൗതുക കാഴ്ചായായിരുന്നു.