mangalam-dam
പഞ്ചായത്ത് കിണറിന് ചുറ്റും കപ്പികൾ ഘടിപ്പിച്ച് വെള്ളം കോരിയെടുക്കുന്ന പന്നിക്കുളമ്പ് കോളനി നിവാസികൾ

വടക്കഞ്ചേരി: മംഗലംഡാം പന്നിക്കുളമ്പ് കോളനിയിൽ കുടിവെള്ളം മുടങ്ങിയിട്ട് മൂന്നുമാസം പിന്നിട്ടു. കോളനിയുടെ താഴ്ഭാഗത്തുള്ള പഴയ പഞ്ചായത്ത് കിണറിനെയാണ് ഇവർ വെള്ളത്തിനായി ആശ്രയിക്കുന്നത്.

മോട്ടോർ ഇല്ലാത്തതിനാൽ കിണറിന് ചുറ്റും കപ്പികൾ ഘടിപ്പിച്ച് വെള്ളം കോരിയെടുക്കുകയാണ് കോളനിയിലെ മുപ്പത്തഞ്ചോളം കുടുംബങ്ങൾ. ഇത് തികയാതെ വരുമ്പോൾ വില കൊടുത്ത് വെള്ളം വാങ്ങിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

വണ്ടാഴി പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽപ്പെട്ട കോളനിയിലെ മുഴുവനാളുകളും കൂലിപ്പണിക്കാരാണ്. രാവിലെ വീട്ടിലേക്കാവശ്യമായ വെള്ളം കോരി വെച്ചിട്ട് വേണം ജോലിക്ക് പോകാൻ. കോളനിയുടെ മുകൾ ഭാഗങ്ങളിൽ താമസിക്കുന്നവരാണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ഇവർക്ക് ഏകദേശം അര കിലോമീറ്ററോളം കുന്നുകയറി വേണം വെള്ളം വീട്ടിലെത്തിക്കാൻ. പഞ്ചായത്തിൽ പരാതിപ്പെടുമ്പോൾ ഉടൻ ശരിയാകുമെന്ന പതിവ് പല്ലവി മാത്രമാണുള്ളത്. ആദ്യം കോളനിയിലേക്ക് വെള്ളമെടുത്തിരുന്ന കുഴൽ കിണറിൽ വെള്ളമില്ലാതായതാണ് കാരണമായി പറയുന്നത്. പുതിയ കിണറിന് സ്ഥാനം കണ്ടിട്ട് ഒരു മാസമായെങ്കിലും ഇതുവരെ തുടർ നടപടികളൊന്നുമായിട്ടില്ല. പന്നിക്കുളമ്പ് കോളനിയിലെ കുടിവെള്ള പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്നാണ് കോളനിക്കാരുടെ ആവശ്യം.

കോളനിയിലെ കുടിവെള്ള പ്രശ്‌നത്തിൽ പരാതി കിട്ടിയ ഉടനെ ഭരണസമിതി ചർച്ച ചെയ്ത് പ്രശ്‌ന പരിഹാരത്തിന് തീരുമാനമായിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതി വഴി കോളനിയിൽ ഒരു കിണർ നിർമ്മിക്കാനും തീരുമാനമായിട്ടുണ്ട്.

-ബിന്ദു വിജയൻ, വാർഡംഗം