ആനക്കര: തൃത്താല മുടവന്നൂരിലെ സ്‌നേഹനിലയം ഷെൽട്ടർ ഹോം അന്തേവാസി തൃശൂർ വലപ്പാട് അമ്പലത്ത് വീട്ടിൽ സിദ്ദിഖ് (47) മരിച്ചത് ക്രൂരമർദ്ദനമേറ്റെന്ന് പരാതി. പരിക്കേറ്റ സിദ്ദീഖ് തൃശൂരിലെ സ്വകാര്യാശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ഒരാഴ്ചയോളമായി പല സമയങ്ങളിലായി സിദ്ദിഖിനെ ഇരുമ്പ് ദണ്ഡുകൊണ്ടും മരവടി കൊണ്ടും ഷെൽട്ടർ ഹോം നടത്തിപ്പുകാരന്റെ സഹോദരൻ ക്രൂരമായി മർദ്ദിച്ചിരുന്നതായി സിദ്ദിഖിന്റെ സഹോദരി സാജിത തൃത്താല പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
സംഭവത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലെ മരണകാരണം വ്യക്തമാകൂ. എസ്.ഐ അനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആശുപത്രിയിലെത്തി ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി മൃതദേഹം പോസ്റ്റമോർട്ടത്തിനയച്ചു.
സംഭവത്തിൽ വ്യക്തമായ അന്വേഷണം നടത്താൻ പൊലീസ് തയാറാകണമെന്നും മറ്റ് അന്തേവാസികൾ ശാരീരിക മാനസിക പീഡനങ്ങൾക്ക് ഇരയാകുന്നുണ്ടോ എന്ന് കണ്ടെത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. രണ്ടരവർഷം മുമ്പാണ് സിദ്ദിഖിനെ ഇവിടെ പ്രവേശിപ്പിച്ചത്.