വളയാർ: എലപ്പുള്ളിൽ തനിച്ച് താമസിച്ചിരുന്ന വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കരിമിയൻകോട് പരേതനായ ആറുച്ചാമിയുടെ ഭാര്യ ജാനകി (ജാനു - 72) ആണ് മരിച്ചത്. സംഭവത്തിൽ അയൽവാസിയെ കസ്റ്റഡിയിലെടുത്തു. ഇയാളിൽ നിന്ന് സ്ത്രീയുടെ കഴുത്തിൽ ധരിച്ചിരുന്ന മാലയും പണവും കണ്ടെത്തി. ഇന്നലെ പുലർച്ചെയാണ് സംഭവം. ഇന്നലെ രാവിലെ തൊഴിലുറപ്പ് പണിക്കുപോകാനായി വിളിക്കാനെത്തിയവരാണ് ജാനകിയെ തറയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: വീടിന്റെ വേലി ചാടി കടന്നെത്തിയ പ്രതി ആദ്യം ഫ്യൂസൂരി വൈദ്യുതിബന്ധം വിഛേദിച്ചു. തുടർന്ന് അകത്തുകയറിയ ശേഷം അടുക്കള ഭാഗത്തായിരുന്ന ജനകിയെ പിടികൂടി. ശബ്ദമുണ്ടാക്കാതിരിക്കാൻ വായ കൈകൾകൊണ്ട് അമർത്തി, മാലപറിച്ചെടുക്കാൻ ശ്രമിച്ചു. ഇതേതുടർന്നുള്ള പിടിവലിക്കിടെ മുറിക്കകത്തേക്ക് ഓടിയ ജനകി കട്ടിലിന് സമീപം തറയിലേക്ക് തലയിടച്ച് വീണു. തുടർന്ന് പ്രതി തുണിയുപയോഗിച്ച് കഴുത്ത് മുറിക്കി കൊലപ്പെടുത്തിയാണ് മാല കവർന്നതെന്നാണ് നിഗമനം. ശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു.
എട്ട് വർഷം മുമ്പാണ് ജാനകിയുടെ ഭർത്താവ് മരിച്ചത്. രണ്ട് പെൺമക്കളെയും വിവാഹം കഴിച്ചയച്ചതോടെ മകൻ മാത്രമായിരുന്നു കൂട്ട്. അഞ്ചുവർഷം മുമ്പ് മകനും ജീവനൊടുക്കിയതോടെ ഇവർ തനിച്ചായി. കൂലിപ്പണിയെടുത്താണ് ജീവിക്കുന്നത്. ഡിവൈ.എസ്.പി സാജു കെ.എബ്രഹാം, സി.ഐമാരായ ടി.എൻ.ഉണ്ണികൃഷ്ണൻ, യൂസഫ് നടുപ്പറമ്പേൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത് . വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.