 ചോദ്യപേപ്പറുകൾ ഇത്തവണയും സൂക്ഷിക്കുന്നത് ട്രഷറികളിൽ തന്നെ

പാലക്കാട്: എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഇന്ന് തുടക്കമാകും. ജില്ലയിൽ പരീക്ഷയുടെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി പാലക്കാട് ഡി.ഡി പി.കൃഷ്ണൻ പറഞ്ഞു. 196 കേന്ദ്രങ്ങളിലായി ആകെ 39896 വിദ്യാർത്ഥികളാണ് ഇത്തവണ ജില്ലയിൽ പരീക്ഷ എഴുതുന്നത്. 26 ആണ് പരീക്ഷ അവസാനിക്കുന്നത്. രാവിലെ 9.45നാണ് പരീക്ഷ ആരംഭിക്കുക. കഴിഞ്ഞവർഷം നാൽപ്പത്തിരണ്ടായിരത്തോളം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. പാലക്കാട് വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷയെഴുതുന്നത്, 17896 പേർ.


രാവിലെ ആയതിനാൽ ചോദ്യപേപ്പറുകളെല്ലാം അതാത് കേന്ദ്രങ്ങളിൽ തന്നെ സൂക്ഷിക്കണമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. ഇതിന്റെ ഭാഗമായി സി.സി ടി.വി ക്യാമറകൾ ഉൾപ്പെടെ പ്രത്യേകം സജ്ജീകരിച്ച സ്‌ട്രോംഗ് റൂമുകൾ തയ്യാറാക്കുകയും ചെയ്തു. എന്നാൽ, കഴിഞ്ഞ ദിവസം ലഭിച്ച നിർദ്ദേശത്തെ തുടർന്ന് പതിവുപോലെ ട്രഷറികളിലും ബാങ്ക് ലോക്കറുകളിലുമാണ് ചോദ്യപേപ്പറുകൾ സൂക്ഷിക്കുക.

രാവിലെ ആറിന് ചോദ്യപേപ്പറുകൾ ലോക്കറുകളിൽ നിന്ന് പുറത്തെടുത്ത് അതാത് കേന്ദ്രങ്ങളിലേക്ക് എത്തിക്കും. 8.30 ന് മുമ്പ് വിതരണം പൂർത്തിയാകുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസ് അധികൃതർ പറഞ്ഞു. പരീക്ഷ നടത്തിപ്പ് വിലയിരുത്തുന്നതിനായി ജില്ലയിൽ രൂപീകരിച്ച നാല് പ്രത്യേക സ്‌ക്വാഡിന്റെ പ്രവർത്തനം പുരോഗമിക്കുന്നുണ്ട്. ഡി.ഡി, എ.ഇ.ഒ, ഡി.ഇ.ഒ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ എന്നിവർ ഉൾപ്പെടുന്ന ഏഴ് പേർ അടങ്ങുന്ന സ്‌ക്വാഡിന്റെ പ്രവർത്തനം 26 വരെയും തുടരും. വേനൽ ചൂട് കണക്കിലെടുത്ത് രാവിലെ പരീക്ഷ നടത്തുന്നത്. എന്നിരുന്നാലും എല്ലാ കേന്ദ്രങ്ങളിലും വിദ്യാർത്ഥികൾക്ക് ആവശ്യമായ കുടിവെള്ളം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.