പാലക്കാട്: മഹാപ്രളയം വന്ന് ഒന്നരവർഷമായിട്ടും പട്ടാമ്പി താലൂക്കിലെ 204 കുടുംബങ്ങൾക്ക് പ്രളയദുരിതാശ്വാസം ലഭിച്ചിട്ടില്ല. തൃത്താല ​ - പട്ടാമ്പി നിയോജകമണ്ഡലങ്ങളിലായി യഥാക്രമം 98 ഉം 106ഉം കുടുംബങ്ങളാണ് സർക്കാരിന്റെ പ്രളയദുരിതാശ്വസ തുക ലഭിക്കാനായി കാത്തിരിക്കുന്നത്. റീബിൽഡ് കേരള ആപ്പ് വഴി നൽകിയ അപേക്ഷകൾ തടഞ്ഞുവെച്ചതാണ് ധനസഹായം ലഭ്യമാകുന്നതിന് കാലതാമസമുണ്ടാകാൻ കാരണം.

കഴിഞ്ഞ ഡിസംബറിൽ റീബിൽഡ് കേരള ആപ്പ് വഴി പട്ടാമ്പി താലൂക്കിൽ നിന്ന ൽകിയ 1,722 കുടുംബങ്ങളുടെ അപേക്ഷ തടഞ്ഞുവെച്ചതായി തിരുവനന്തപുരം ലാൻഡ് റവന്യൂ കമ്മിഷണർ ഓഫീസിൽ നിന്നും അറിയിച്ചിരുന്നു. പിന്നീട് ഇൗ അപേക്ഷകളിലെ 85 ശതമാനവും സ്വീകരിക്കുകയും തുക ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. ഇവരിൽ 204 കുടുംബങ്ങളുടെ അപേക്ഷകൾക്കാണ് ഇനിയും തീർപ്പുകൽപ്പിക്കാതെ നീട്ടിക്കൊണ്ടുപോകുന്നത്. മൊബൈൽ ആപ്പ് വഴി അപ്‌ലോഡ് ചെയ്ത പാസ്ബുക്ക്, റേഷൻ കാർഡ് തുടങ്ങിയ രേഖകൾ വ്യക്തമായി വായിക്കാൻ കഴിയാത്തതും അപേക്ഷകന്റെ അല്ലാത്ത അക്കൗണ്ട് നമ്പർ നൽകുന്നതും മറ്റുമാണ് അപേക്ഷ തടയാൻ കാരണമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. ഇക്കാര്യം കഴിഞ്ഞ താലൂക്ക് വികസന സമിതി യോഗത്തിലും ചർച്ചക്കിടയാക്കിയിരുന്നു. വ്യക്തമായ രേഖകൾ ലഭിച്ചാൽ അപേക്ഷകൾ ഇനിയും നൽകാനാവുമെന്നാണ് റവന്യൂ വകുപ്പധികൃതർ പറയുന്നത്. ഇക്കാര്യത്തിൽ വ്യക്തമായ കണക്കുകൾ നൽകാൻ മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ. റവന്യൂ വകുപ്പധികൃതരോട് ആവശ്യപ്പെട്ടു.

പട്ടിത്തറ വില്ലേജിന് കീഴിലാണ് കൂടുതൽ അപേക്ഷകൾ തടഞ്ഞുവെച്ചിട്ടുള്ളത്. 44 കുടുംബങ്ങൾക്കാണ് ഇവിടെ ഇനിയും ധനസഹായം ലഭ്യമാകാനുള്ളത്. മുതുതല പഞ്ചായത്തിൽ 36 അപേക്ഷകളും തടഞ്ഞിട്ടുണ്ട്.