ഒറ്റപ്പാലം: ലെക്കിടി കൂട്ടുപാതയ്ക്ക് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.പെരിങ്ങോട്ടുകുറുശ്ശി കുന്നത്ത് പറമ്പിൽ രാധാകൃഷ്ണന്റെ മകൻ രഘുവരൻ (21)ആണ് മരിച്ചത്.
ഇന്നലെ രാവിലെ രഘുവരനെ കാണാനില്ലെന്ന് കാണിച്ച് സുഹൃത്തുക്കൾ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ലെക്കിടി കൂട്ടുപാതയ്ക്ക് സമീപത്തെ പാടത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് സുഹൃത്തുക്കൾ പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പെരിങ്ങോട്ടുകുറുശ്ശിയിൽ നിന്ന് പൂരം കാണാനെത്തിയ രഘുവരനും സംഘവും തിരികെ മടങ്ങാൻ വാഹനത്തിനടുത്തേക്ക് വരവെ സ്‌കൂട്ടറിലെത്തിയ സംഘവുമായി വാക്കുതർക്കം ഉണ്ടായതായാണ് സുഹൃത്തുക്കൾ പൊലീസിന് മൊഴി നൽകിയിട്ടുള്ളത്. പിന്നീട് കാണാതായ രഘുവരനെ ഇവർ അന്വേഷിച്ചെങ്കിലും കണ്ടത്താനായില്ല. തുടർന്നാണ് പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയത്. തലയിൽ മുറിവുള്ളതായി പ്രാഥമിക പരിശോധനയിൽ കണ്ടത്തിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി സമീപത്തുള്ള സി.സി ടി.വി ക്യാമറകൾ ഒറ്റപ്പാലം സി.ഐ എം.സുജിത്തിന്റെ നേതൃത്വത്തിൽ പരിശോധിച്ച് വരുകയാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. മലബാർ സിമന്റസിൽ താത്കാലിക ജീവനക്കാരനാണ് രഘുവരൻ. അമ്മ: വിമല സഹോദരി: രഞ്ജിത.