പാലക്കാട്: കൃഷി - മൃഗസംരക്ഷണ മേഖലയ്ക്ക് പ്രഥമ പരിഗണന നൽകി മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ് അവതരിപ്പിച്ചു. ഭവനനിർമ്മാണത്തിനും പ്രളയത്തിൽ തകർന്ന റോഡുകൾ, കലുങ്കുകൾ എന്നിവയുടെ പുനരുദ്ധാരണത്തിനും തുക വകയിരുത്തിയ ബഡ്ജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാഞ്ചന സുദേവനാണ് അവതരിപ്പിച്ചത്.

ബ്ലോക്ക് പഞ്ചായത്ത് 2020-21 സാമ്പത്തിക വർഷത്തിലെ വാർഷിക ബഡ്ജറ്റിൽ 22,61,90900 രൂപ വരവും 22,56,83600 രൂപ ചെലവും 5,07300 രൂപ മിച്ചവും പ്രതീക്ഷിക്കുന്നു. ബ്ലോക്ക് പഞ്ചായത്തുകൾക്ക് പൊതുവായ വരുമാനദായകമായ സ്രോതസുകൾ ഇല്ലെങ്കിലും ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുക്കുന്ന പൊതുമരാമത്ത് പ്രവൃത്തികളുടെ ടെൻഡർ നടപടികളിലൂടെ ലഭിക്കുന്ന ഏകദേശം തുക 370000 രൂപ തനത് വരുമാനമായി കണക്കാക്കിയിട്ടുണ്ട്.

സംസ്ഥാന ആവിഷ്‌കൃതം, കേന്ദ്രാവിഷ്‌കൃതം, തൊഴിലുറപ്പ് പദ്ധതി, മറ്റു ദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള സംയുക്ത പ്രൊജ്ര്രക് വിഹിതം ചേർത്താണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്.

ജില്ലയിലെ പ്രധാന കാർഷിക മേഖല ഉൾപ്പെടുന്ന ആറ് പഞ്ചായത്തുകളാണ് മലമ്പുഴ ബ്ലോക്കിലുള്ളത്. നെൽകൃഷി വികസനത്തിനായി 1.80 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഭവന നിർമ്മാണ പദ്ധതികൾക്ക് 3179800 രൂപയും കുടിവെള്ള പദ്ധതികൾക്കായി 1,26,24418 രൂപയും വകയിരുത്തിയിട്ടുണ്ട്. 10,93,60,000 രൂപയാണ് തൊഴിലുറപ്പ് പദ്ധതി വിഹിതമായി കണക്കാക്കിയിട്ടുള്ളത്. റോഡുകൾ, പാലങ്ങൾ, കെട്ടിടം എന്നിവയുടെ നിർമാണത്തിനായി 4,23,04,262 രൂപ ചിലവഴിക്കും. വനിതാ വികസനത്തിനും സ്വയംതൊഴിൽ പദ്ധതികൾക്കുമായി 20 ലക്ഷം രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. പട്ടികജാതി വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്പിനും വിദ്യാഭ്യാസ വികസന പദ്ധതികൾക്കായി 40.91 ലക്ഷം രൂപയും ചെലവഴിക്കും. 1,41,23300 രൂപ മറ്റ് സാമൂഹ്യക്ഷേമ പദ്ധതികൾക്കായും വകയിരുത്തിയതിലൂടെ ജനോപകാരവും ദീർഘവീക്ഷണമുള്ളതുമായ ബഡ്ജറ്റാണ് ബ്ലോക്ക് പഞ്ചായത്ത് അവതരിപ്പിച്ചത്.